X

ഇരയെ നോക്കി കുരയ്ക്കലല്ല, വര്‍ഗീയതക്കെതിരായ ഇരട്ടച്ചങ്ക്

കെ.പി ജലീല്‍

വര്‍ഗീയതക്കെതിരെ സന്ധിയില്ലാസമരത്തിലേര്‍പ്പിട്ടിരിക്കുകയാണ് ഇന്ത്യയിലെ ഇത്തിരിപ്പോന്ന കമ്യൂണിസ്റ്റുകള്‍. അവയെയൊക്കെ നയിക്കുന്നവരാണത്രെ സി.പി.ഐ.എം. എന്നാല്‍ ശത്രുവിനെ കടിച്ചുകീറുന്നതിലല്ല, ഇരയെ നോക്കി കൊഞ്ഞനം കുത്തുന്നതിലാണ് ചില സി.പി.എമ്മുകാര്‍ക്ക് രസമെന്ന് തോന്നുന്നു. മുമ്പും ഇവരത് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കോഴിക്കോട്ടെ മുജാഹിദ് പത്താംസംസ്ഥാനസമ്മേളനത്തിലും സി.പി.എം നേതാക്കള്‍ അത് ചെയ്തു. എത്ര അരിയിട്ടുവാഴിച്ചാലും സംഘപരിവാരത്തിന്റെ തനിനിറം മാറില്ലെന്നാണ് സി.പി.എം എം.പി മുജാഹിദ് വേദിയില്‍ നിന്ന് പറഞ്ഞതെങ്കില്‍ അത് സഹിക്കാം. എന്നാല്‍ ബ്രിട്ടാസിന്റെ തലതൊട്ടപ്പനായ നേതാവ് പറഞ്ഞതാണ് അതിലും ഖേദകരം. ഹിന്ദുത്വപരിവാറുകാര്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെ മഴു ഓങ്ങിനില്‍ക്കുകയാണ്, അതില്‍ തലവെച്ചുകൊടുക്കരുത് എന്നാണ് സാക്ഷാല്‍ സി.പി.എം പി.ബി അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിംസംഘടനാവേദിയില്‍ ഇരകളെ നോക്കി ഉപദേശിച്ചുകളഞ്ഞത്! ഇതിലധികം സംഘപരിവാരവിരുദ്ധത എവിടെയെങ്കിലും കാണാന്‍ കഴിയുമോ? ഇതിലധികം വര്‍ഗീയവിരുദ്ധപോരാട്ടം സി.പി.എം വേറെ നടത്തിയിട്ടുണ്ടോ. കേരളത്തിലെ എല്ലാവിഭാഗത്തെയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട അധികാരകേന്ദ്രത്തിലിരിക്കുന്ന ഉന്നതവ്യക്തികൂടിയാണ് ഇരകളെ നോക്കി ഇങ്ങനെ പറയുന്നത്. എപ്പോഴാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ സംഘപരിവാരത്തിന് മുന്നില്‍ തലകുനിച്ചിട്ടുള്ളതെന്ന്കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.


മുജാഹിദ് എന്നത് കേരളത്തില്‍ പ്രബലമായ മുസ്‌ലിം വിഭാഗമാണ്. രാജ്യത്തെ ഇരവല്‍കരിക്കപ്പെട്ട മുസ്‌ലിംകളുടെ പരിഛേദങ്ങളിലൊന്ന്. ഇവരുടെ വേദിയില്‍ കയറിനിന്ന് സംഘപരിവാറിനും ഹിന്ദുത്വഫാസിസത്തിനുമെതിരെ ഏതെങ്കിലും ഒരുവാക്ക് സാക്ഷാല്‍ സി.പി.എമ്മുകാരുടെ ഇരട്ടച്ചങ്കന്‍ പറഞ്ഞതായി കേട്ടോ ? ഇല്ലെന്ന് മാത്രമല്ല, മാനഭംഗപ്പെട്ടതിന് സ്ത്രീയെ നോക്കി നീയല്ലേ പ്രകോപിപ്പിച്ചത് എന്നതുപോലെ പറഞ്ഞുകളയുകയാണ് പിണറായി വിജയന്‍ ചെയ്തു
കളഞ്ഞത് !

വര്‍ഗീയഫാസിസത്തിനെതിരായ പോരാട്ടം ഇത്രക്ക് കേമമാണ് എന്നറിയാന്‍ സി.പി.എമ്മിന്റെ വേറെ വല്ല പ്രസംഗവുമുണ്ടോ എന്നറിയാന്‍ കൗതുകമുണ്ട്. ഇവരുടെ നേതാവാണ് മുമ്പ് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുംമുമ്പ് പള്ളിപൊളിച്ച് പ്രശ്‌നത്തിന ്പരിഹാരം കാണണമെന്ന് ഉപദേശിച്ചതെന്നതുകൂടി ഓര്‍ക്കണം. ഒടുവില്‍ മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം രാഷ്ട്രീയലാഭം കൊയ്‌തെടുത്തതും ഇതേ സി.പി.എമ്മും ഇടതുപക്ഷവും.
വര്‍ഗീയവിരുദ്ധതയും ഫാസിസവിരുദ്ധതയും ഒരേ നാണയത്തിന്റെ രണ്ടുവശമാണ്. അതില്‍ ന്യൂനപക്ഷങ്ങളിലെ ചിലര്‍ തീവ്രവാദംകൊണ്ടുനടക്കുന്നുവെന്നും അവര്‍ വര്‍ഗീയവിരുദ്ധപോരാട്ടത്തെ ക്ഷീണിപ്പിക്കുന്നുവെന്നും പിണറായി പറഞ്ഞു. എന്നിട്ടും സാക്ഷാല്‍ വര്‍ഗീയതക്കെതിരായി യാതൊന്നും ഉരിയാടാന്‍ പിണറായി തയ്യാറായില്ല. മറിച്ച് സി.പി.എമ്മും പകുതി മുസ്‌ലിം വിരുദ്ധത കൊണ്ടുനടക്കുന്നവരാണെന്ന് പി.കെ.ബഷീര്‍ എം.എല്‍.എ ബ്രിട്ടാസിന് മറുപടി കൊടുത്തതിനെയാണ് പിണറായി വിജയന്‍ വിമര്‍ശിക്കാന്‍ നോക്കിയത്. അതാകട്ടെ ഏശിയതുമില്ല. പടിഞ്ഞാറന്‍ ബംഗാളില്‍ സി.പി.എം തകര്‍ന്നടിഞ്ഞത് മുസ്‌ലിം വിരുദ്ധത കൊണ്ടാണെന്ന ്ബഷീര്‍ പറഞ്ഞതിനെ വസ്തുതാസഹിതം ഖണ്ഡിക്കാന്‍ പിണറായിക്ക് കഴിഞ്ഞതുമില്ല.
സംഘപരിവാരത്തിന് വോട്ടുചെയ്യുന്ന കേരളത്തിലെ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ അവരുടെ വേദികളില്‍ കയറിനിന്ന് ഇതുപോലെ നാല് വാചകം കാച്ചാന്‍ എന്തുകൊണ്ട് പിണറായിക്കും ബ്രിട്ടാസ് സഖാവിനും കഴിയുന്നില്ലെന്നാണ് ജനം ഇപ്പോള്‍ ചോദിക്കുന്നത്. അപ്പോള്‍ ഇരയെ കെട്ടിയിട്ട് തല്ലുന്നതിലാണ്, ശത്രുവിനെതിരെ പ്രതികരിക്കുന്നതിലല്ല ഇവരുടെ താല്‍പര്യം എന്ന് ഉത്തരോത്തരം വ്യക്തമാകുന്നു.

 

Chandrika Web: