X

ദേ പിന്നേം യൂ ടേണ്‍; പ്രീ പ്രൈമറി ജീവനക്കാരെ കരാറുകാരാക്കാനുള്ള നീക്കവും ഉപേക്ഷിച്ച് സര്‍ക്കാര്‍

അനീഷ് ചാലിയാര്‍
പാലക്കാട്

ജനദ്രോഹ തീരുമാനങ്ങളെടുക്കുകയും പ്രതിഷേധം കനക്കുമ്പോള്‍ പിന്തിരിഞ്ഞോടുകയും പതിവാക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. വര്‍ഷങ്ങളായി ഗവ.സ്‌കൂളുകളിലെ പ്രീ പ്രൈമറികളില്‍ ജോലി ചെയ്തുവരുന്ന അധ്യാപകരെയും ആയമാരെയും ഒരു വര്‍ഷ കരാര്‍ ജീവനക്കാരാക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍ പിന്‍വലിഞ്ഞതാണ് ഇതിലെ അവസാനത്തെ ഉദാഹരണം. താത്കാലിക ജീവനക്കാരുടെ ജോലിയില്‍ നിന്നുള്ള വിടുതല്‍ കാലയളവ് (ടെര്‍മിനേഷന്‍ തീയതി) സ്പാര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 14.11.2022 നാണ് ധനകാര്യ വകുപ്പ് എല്ലാ വകുപ്പ് മേധാവികള്‍ക്കും കത്ത് നല്‍കിയിരുന്നു. ഈ സര്‍ക്കുലറിന്റെ മറപിടിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഓണറേറിയം നല്‍കുന്ന പ്രീ പ്രൈമറി അധ്യാപകരെയും ആയമാരെയും 2023 മാര്‍ച്ച് 31 അവസാന തീയതി നിശ്ചയിച്ച് കരാര്‍ നിയമനമായി നടത്താന്‍ തീരുമാനിച്ചത്. ഡിസംബര്‍ ഒമ്പതിനകം ജീവനക്കാരുടെ സമ്മതപത്രവും പ്രധാനാധ്യാപകന്റെ കരാര്‍ നിയമന ഉത്തരവും സഹിതം റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനാധ്യാപകര്‍ക്ക് കഴിഞ്ഞ ഏഴിന് എ.ഇ.ഒമാര്‍ കത്തും നല്‍കിയിരുന്നു.

ഈ തീരുമാനം നടപ്പാക്കാതെ ഓണറേറിയം നല്‍കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ജീവനക്കാരുടെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഓണറേറിയം തടഞ്ഞുവെക്കുകയും ചെയ്തു. ഇതിനെതിരെ 4827 ജീവനക്കാരും ഒന്നിച്ച് പ്രതിഷേധവുമായി രംഗത്തെത്തുകയും അഞ്ച് അധ്യാപികമാര്‍ ചേര്‍ന്ന് സര്‍ക്കാറിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാറിനെ വിമര്‍ശിക്കുകയും ഉടനടി വേതനം നല്‍കണമെന്നും കരാര്‍ നിയമന നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഇടക്കാല ഉത്തരവ് നല്‍കി. കേസില്‍ ഹൈക്കോടതി തുടര്‍വാദം കേള്‍ക്കാനിരിക്കയാണ്. ഈ സാഹചര്യത്തില്‍ കോടതില്‍ നിന്ന് രൂക്ഷ വിമര്‍ശനമുണ്ടാകുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ തിരിഞ്ഞോടിയിരിക്കുന്നത്.

14.11.2022 ലെ ധനകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍ താല്‍കാലികമായി മരവിപ്പിച്ചെന്ന് കാണിച്ച് എല്ലാ വകുപ്പ് മേധാവികള്‍ക്കും ഡി.ഡി.ഒ മാര്‍ക്ക് 16 ന് ധനകാര്യ വകുപ്പ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. പത്ത് വര്‍ഷത്തിലധികം സര്‍വീസുള്ള 1877 ടീച്ചര്‍മാരും 1135 ആയമാരും പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള 982 ടീച്ചര്‍മാരും 833 ആയമാരും ഉള്‍പ്പടെയുള്ള 4827 ജീവനക്കാരെ കരാറുകാരാക്കി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കാനുമുള്ള നീക്കമാണ് പ്രതിഷേധവും കോടതി ഇടപെടലും ഭയന്ന് സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

1988 ല്‍ പ്രീ പ്രൈമറി ആരംഭിച്ച കാലം മുതല്‍ ജോലി ചെയ്യുന്ന അറുപത് വയസ്സിന് മുകളിലുള്ള നിരവധി പേര്‍ സ്ഥിരപ്പെടുമെന്നും പെന്‍ഷന്‍ അടക്കമുള്ള ആനൂകൂല്യങ്ങള്‍ ഭാവിയില്‍ ലഭിക്കുമെന്നും പ്രതീക്ഷിച്ച് ഇപ്പോഴും സ്‌കൂളുകളില്‍ ജോലി ചെയ്യുന്നുണ്ട്. 35 വര്‍ഷത്തോളം സര്‍വീസുള്ള ഇവര്‍ക്ക് 2012 ലാണ് സര്‍ക്കാര്‍ ഓണറേറിയം നല്‍കി തുടങ്ങിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 2012 പ്രീ പ്രൈമറി ജീവനക്കാരെ പിരിച്ചുവിടരുതെന്ന് സ്‌കൂള്‍ പി.ടി.എകള്‍ക്കും പ്രധാനാധ്യപകര്‍ക്കും ഡി.പി.ഐ നിര്‍ദേശം നല്‍കിയിരുന്നു. അര്‍ഹമായ സേവന വേതന വ്യവസ്ഥകള്‍ അനുവദിച്ച് നല്‍കാന്‍ ഹൈക്കോടതി നേരത്തെ തന്നെ നിര്‍ദേശവും നല്‍കിയതാണ്. എന്നാല്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് ഇഷ്ടകാര്‍ക്ക് വര്‍ഷാവര്‍ഷം നിയമനം നല്‍കാന്‍ ലക്ഷ്യമിട്ട് 4827 കുടുംബങ്ങളെ വഞ്ചിക്കാന്‍ ഇടതു സര്‍ക്കാര്‍ നീക്കം നടത്തിയത്.

web desk 3: