X

യൂത്ത് ലീഗ് എസ്.പി ഓഫീസ് പ്രതിഷേധ ധർണ 27 ന്

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് എസ്.പി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി അറിയിച്ചു. ഇടത് സര്‍ക്കാരിന്റെ വേട്ടയില്‍ പ്രതിഷേധിച്ച് ജനുവരി 27ന് വെള്ളിയാഴ്ച എസ്.പി ഓഫീസുകള്‍ക്ക് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ്ണ നടത്തും. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തുടര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.

സമരത്തില്‍ പരിക്കേറ്റവരെ പരിചരിച്ചും സഹായങ്ങള്‍ ചെയ്തും ആശുപത്രി പരിസരത്തും മറ്റുമായുണ്ടായിരുന്ന ഫിറോസിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് .
പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18ന് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ചിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഉള്‍പ്പെടെ 29 പേരെ പോലീസ് കള്ളക്കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചത് ജനാധിപത്യ വിരുദ്ധമാണ്.

എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കുകയെന്നത് ജനാധിപത്യ ധ്വംസനമാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി ചെയ്യുന്ന ഇതേ കാര്യം തന്നെയാണ് കേരളത്തില്‍ പിണറായിയും നടപ്പിലാക്കുന്നത്. കൊലപാതകം, വര്‍ഗ്ഗീയത, സാമ്പത്തിക തട്ടിപ്പ്, അഴിമതി തുടങ്ങിയ കേസുകളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തപ്പെട്ടവരെ പോലും സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കുകയും കൊലപാതക കേസുകളിലെ പ്രതികളുടെ മോചനത്തതിനായി കത്തെഴുതുകയും ചെയ്ത സര്‍ക്കാര്‍ യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകയുടെ ഭാഗമായാണ്.

 

സമൂഹ മാധ്യമങ്ങളില്‍ നിന്നും മറ്റു ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്യുന്ന India; The Modi Question എന്ന ഡോക്യൂമെന്ററി മണ്ഡലം തലത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി അറിയിച്ചു.

 

webdesk12: