X

ലോകാരോഗ്യ സംഘടനയുടെ പോസ്റ്ററില്‍ അതിജീവനത്തിന്റെ നേര്‍ചിത്രമാണ് റിസ്വാന

എന്‍.എസ്.അബ്ബാസ്

കോട്ടയം: ലോകാരോഗ്യ സംഘടനയുടെ ലോക കേള്‍വി ദിനത്തിന്റെ പോസ്റ്ററില്‍ ഇടം പിടിച്ച റിസ്വാനക്ക് വനിതാ ദിനത്തില്‍ ഒന്നുമാത്രമാണ് പറയാനുള്ളത്. ടെക്നോളജി വര്‍ധിച്ച ഈ കാലഘട്ടത്തില്‍ സ്ത്രീക്ക് വലിയ ഉത്തരവാദിത്വമാണ് വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലുമുള്ളത്. പുരുഷനോടൊപ്പം സ്ത്രീയുടെയും വ്യക്തിത്വം ഉയര്‍ന്ന് നില്‍ക്കണം. തീരുമാനങ്ങളും സ്വതന്ത്രമായി നില്‍ക്കാനുമുള്ള കഴിവും നേടണം.അതിന് പെണ്‍കുട്ടികള്‍ മതിയാവോളം വിദ്യാഭ്യാസം നേടണം. അതിന് ശേഷം മാത്രമേ വിവാഹജീവിതത്തിലേക്ക് കടക്കാവൂ. പുതുതലമുറ ഈ വഴിക്കാണ് ചിന്തിക്കേണ്ടതെന്ന് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ റിസ്വാന സ്വന്തം ജീവിതം വിവരിച്ച് പറയുന്നു.

ആലപ്പുഴ മണ്ണഞ്ചേരി പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഷീദിന്റെയും സബിതയുടെയും മകളാണ് റിസ്വാന.
ലോക കേള്‍വി ദിനമായ മാര്‍ച്ച് മൂന്നിന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പോസ്റ്ററിലാണ് റിസ്വാനയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.
കേള്‍വി സംബന്ധമായ ആരോഗ്യ പ്രശ്‌നം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് ശ്രവണ വൈകല്യമുള്ള കുട്ടികളെ ജന്മനായുള്ള വൈകല്യങ്ങളില്‍ നിന്ന് രക്ഷിക്കും. അതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമായാണ് റിസ്വാനയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.
ശ്രവണ വൈകല്യം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ചെയ്യുകയായിരുന്നു .
ഒരു വയസ് പ്രായമുള്ളപ്പോഴാണ് റിസ്വാനയുടെ കേള്‍വി ശേഷിക്ക് തകരാറുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. ആ സമയത്ത് കോക്ലിയാര്‍ ഇംപ്ലാന്റേഷനെക്കുറിച്ച് അറിവില്ലാതിരുന്ന മാതാപിക്കള്‍ സ്പീച്ച് തെറാപ്പിയിലൂടെ പരിഹാരം കാണാന്‍ ശ്രമിച്ചിരുന്നു .
പിന്നീട് ആറ് വയസുള്ളപ്പോഴാണ് റിസ്വാനക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തുന്നത്. അതിന് ശേഷം കേള്‍വി ശക്തി തിരിച്ചു കിട്ടിയെങ്കിലും അവള്‍ സംസാരിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്കകളുണ്ടായിരുന്നു.

വിജയിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും എന്റെ രക്ഷിതാക്കള്‍ സ്പീച്ച് തെറാപ്പിക്കും മറ്റുമായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ചെയ്യാന്‍ വൈകിയിട്ടും അവരുടെ പ്രതീക്ഷ കൈവിടാത്തത് കൊണ്ടാണ് എനിക്ക് ചെവി കേള്‍ക്കാനും സംസാരിക്കാനും സാധിച്ചതെന്ന് റിസ്വാന പറഞ്ഞു. എല്ലാ നേട്ടങ്ങള്‍ക്കും സര്‍വ്വശക്തനോട് നന്ദി പറയുന്നു. കേള്‍വിക്കുറവുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് താനൊരു പ്രോത്സാഹനമാകുമെങ്കില്‍ അതിലെനിക്ക് സന്തോഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ റിസ്വാന പരീക്ഷാച്ചൂടിലാണ്. സഹോദരന്‍ ഷിഹാബുദ്ദീന്‍ പ്ലസ് ടുവിന് ശേഷം എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിലുമാണ്.

 

webdesk11: