X

മരുന്നും സാമഗ്രികളുമായി ദുബൈയില്‍ നിന്ന് 95 വിമാനങ്ങളെത്തും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വരൂപിച്ച മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ദുബൈ വഴി എത്തിക്കും. എമിറേറ്റ്‌സ് വിമാന കമ്പനി ഇതിനായി മാത്രം 95 സര്‍വീസുകളാണ് ഇന്ത്യയിലേക്ക് നടത്തുക.
യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങള്‍ നല്‍കിയ സഹായങ്ങളും ലോകാരോഗ്യ സംഘടന അടക്കമുള്ളവയുടെ പാഴ്‌സലുകളും ഇത്തരത്തില്‍ എത്തും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലെ ഒമ്പത് രാജ്യാന്തര വിമാനത്താവളങ്ങളിലേക്കാണ് ഇവ എത്തിക്കുക. രോഗവ്യാപനം രൂക്ഷമായ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വേഗത്തില്‍ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ വിമാനങ്ങളിലേക്ക് ഇവ നേരിട്ടെത്തിക്കുന്നത്. കേരളത്തിലേക്കും ഇത്തരത്തില്‍ സഹായം എത്തുമെന്നാണ് വിവരം.
രാജ്യത്ത് കോവിഡ് രണ്ടാംതരംഗം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് രാജ്യാന്തര സഹായം പ്രവഹിക്കുന്നത്. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ എത്തിക്കുന്നത്. ഇതിന്റെ ആദ്യ ബാച്ചുമായി എമിറേറ്റ്‌സ് വിമാനം ഇന്നലെ ദുബൈയില്‍ നിന്ന് തിരിച്ചു.
കഴിഞ്ഞ നാലു ദിവസമായി തുടര്‍ച്ചയായി നാലു ലക്ഷത്തിലധികം പ്രതിദിന കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മൂന്നുദിവസമായി നാലായിരത്തിലധികം മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാണ്.

web desk 3: