X

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 1031 പേരെ ഉള്‍പ്പെടുത്തണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ 18 വയസിന് താഴെയുള്ള 1031 ദുരിത ബാധിതരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എന്‍ഡോസള്‍ഫാന്‍ 1031 സമരസമിതി കണ്‍വീനര്‍ പി ഷൈനി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

കത്ത് പൂര്‍ണരൂപത്തില്‍

എന്‍ഡോസള്‍ഫാന്‍ 1031 സമരസമിതിക്ക് വേണ്ടി കണ്‍വീനര്‍ പി ഷൈനി എനിക്ക് നല്‍കിയ നിവേദനമാണ് ഇതോടൊപ്പമുള്ളത്.

2017 ഏപ്രില്‍ മാസം ജില്ലയിലെ അഞ്ച് സ്ഥലങ്ങളിലായി നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി 1905 പേരെ കണ്ടെത്തുകയും ആയതില്‍ നിന്നും രണ്ട് പ്രാവശ്യമായി 363 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 2019 ജനുവരിയില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പട്ടിണി സമരത്തെ തുടര്‍ന്ന് അങ്ങയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ 18 വയസിന് താഴെയുള്ളവരെ ഒരു പരിശോധനയും കൂടാതെയും ബാക്കിയുള്ളവരെ മെഡിക്കല്‍ റിക്കാര്‍ഡ് പരിശോധിച്ചും ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനമായി. അതിന്‍ പ്രകാരം 18 വയസ്സിന് താഴെയുള്ള 511 പേരെ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുകയും ബാക്കിയുള്ള 1031 പേരുടെ കാര്യത്തില്‍ നാളിതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും അതിനാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിലയില്‍ സ്വാഭാവികമായും ലഭിക്കേണ്ട നീതി നിഷേധിച്ചിരിക്കുന്നതായും നിവേദനത്തില്‍ പറയുന്നു.

ഈ വിഷയം അടിയന്തരമായി പരിശോധിച്ച് അവശേഷിക്കുന്ന 1031 പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് കൂടി എന്‍ഡോസള്‍ഫാന്‍ ബാധിതരെ നിലയിലുള്ള ചികിത്സയും, സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ അനന്തര നടപടി കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

webdesk14: