X

‘108’ ഇനി ഇല്ല; എല്ലാ ജില്ലകളിലും ജീവന്‍രക്ഷാ ആംബുലന്‍സുകള്‍

ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇപ്പോഴുള്ള 108 ആംബുലന്‍സുകള്‍ നിരത്തൊഴിയുന്നു. പകരം എല്ലാ ജില്ലകളിലും ജീവന്‍ രക്ഷാ ആംബുലന്‍സുകള്‍ നിരത്തിലിറക്കും. 108ന്റെ മാതൃകയിലായിരിക്കുമെങ്കിലും ആ പേരിലായിരിക്കില്ല പുതിയ ആംബുലന്‍സുകള്‍ വരുന്നത്. എന്നാല്‍ കോള്‍ സെന്റര്‍ 108 എന്ന നിലയില്‍ തന്നെ തുടരും. സ്വകാര്യസംരംഭം വഴിയോ ഉടമകളുടെ കൂട്ടായ്മ രൂപീകരിച്ചോ 315 ആംബുലന്‍സുകള്‍ കരാറടിസ്ഥാനത്തില്‍ നിരത്തിലിറക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിനുള്ള നടപടികള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ആരംഭിച്ചു.
തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന 43 ആംബുലന്‍സുകള്‍ എമര്‍ജന്‍സി മെഡിക്കല്‍ പദ്ധതിയുടെ ഭാഗമായാണ് നേരത്തെ വാങ്ങിയത്. അത് ഏറെ ഗുണകരവുമായിരുന്നു. ചെലവ് കൂട്ടുമെന്നതിനാലാണ് കരാറുകാരെവെച്ച് ആംബുലന്‍സ് ഓടിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വാടക ആംബുലന്‍സുകള്‍ നിരത്തിലെത്തുന്നതോടെ നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് വിട്ടുനല്‍കുന്നതും ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്.
റോഡപടകങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാനുള്ള ട്രോമാകെയര്‍ ശൃംഖല വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ ഈ മാസം പൂര്‍ത്തിയാക്കും. മെയ്- ജൂണ്‍ മാസത്തോടെ ആംബുലന്‍സ് ശൃംഖല പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയും വിധത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. പദ്ധതി എല്ലാ ജില്ലകളിലും നടത്താനാകുന്ന ഒരു സംരംഭകനെയോ കരാറുകാരനെയോ സംസ്ഥാനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കാനാവുമോ എന്നാണ് കോര്‍പറേഷന്‍ ആലോചിക്കുന്നത്. മാസം കുറഞ്ഞത് 1500 കി.മീ കണക്കാക്കി മൂന്നുമാസത്തേക്കാണ് ആംബുലന്‍സുകള്‍ക്ക് പണം അനുവദിക്കുക. 1500ല്‍ കൂടുതല്‍ വരുന്ന കിലോമീറ്ററിന് 15 രൂപ നിരക്കില്‍ തുക നല്‍കും.
ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററാകും ആംബുലന്‍സുകള്‍ നിയന്ത്രിക്കുക. ഇതിന്റെ നടത്തിപ്പ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നേരിട്ട് നിര്‍വഹിക്കും. അപകടവിവരം 108 എന്ന ഫോണ്‍ നമ്പര്‍ വഴി ഏതൊരാള്‍ക്കും കോള്‍സെന്ററിനെ അറിയിക്കാം. ഇതോടൊപ്പം വിവരം കൈമാറാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കുന്നുണ്ട്. ആംബുലന്‍സിനെ അപകടസ്ഥലത്തേക്ക് അയക്കുന്നത് കോള്‍സെന്റര്‍ ആയിരിക്കും. അപകടത്തിന്റെ തീവ്രത അനുസരിച്ച് തൊട്ടടുത്തുള്ള ആസ്പത്രിയിലും വിവരം നല്‍കും. പരിക്കേറ്റയാളെ ഏത് ആസ്പത്രിയില്‍ എത്തിക്കണമെന്ന് ആംബുലന്‍സിലെ പരിശീലനം വന്ന ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതും കോള്‍സെന്റര്‍ നേരിട്ടായിരിക്കും. കൂടുതല്‍ അപകടസാധ്യതയുള്ള രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ 315 ആംബുലന്‍സുകളും നിരത്തിലുണ്ടാകണമെന്നാണ് വ്യവസ്ഥ നിശ്ചയിക്കുക.
തിരുവനന്തപുരം-32, കൊല്ലം-21, പത്തനംതിട്ട-12, കോട്ടയം-15, ആലപ്പുഴ-18, ഇടുക്കി-13, എറണാകുളം-34, തൃശൂര്‍-32, പാലക്കാട്-28, മലപ്പുറം-38, കോഴിക്കോട്-31, വയനാട്-11, കണ്ണൂര്‍-16, കാസര്‍കോട്-14 എന്നിങ്ങനെയായിരിക്കും ആംബുലന്‍സുകള്‍ നിരത്തിലിറങ്ങുക.

chandrika: