X

137 ദിവസത്തെ ഇടവേളക്ക് ശേഷം നാളെ രാഹുല്‍ഗാന്ധി സഭയില്‍? മോദിക്ക് ഭയമുണ്ടെന്ന് കോണ്‍ഗ്രസ്

സുപ്രീം കോടതി വിധിയുടെ ബലത്തില്‍, 137 ദിവസങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തിയെത്തുമെന്ന് സൂചന. കുറ്റക്കാരനാണെന്ന വിധിക്കു സ്‌റ്റേ വന്നതോടെ, രാഹുലിനുള്ള അയോഗ്യത നീങ്ങി. എന്നാല്‍, ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോക്‌സഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാല്‍ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും ആവശ്യമായി വരും. ഇതിനായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി.

കത്ത് തിങ്കളാഴ്ച സ്പീക്കര്‍ പരിഗണിക്കുമെന്നാണ് ലോക്‌സഭാ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. സ്പീക്കറുടെ ഒപ്പ് ലഭിച്ചാലുടന്‍ രാഹുലിനെ പാര്‍ലമെന്റിലെത്തിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അംഗത്വം പുനഃസ്ഥാപിക്കാനായാല്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ രാഹുലിനു പങ്കെടുക്കാനാകും.

ഈ നടപടികള്‍ സ്പീക്കര്‍ നീട്ടിയാല്‍ സുപ്രീംകോടതിയെ സമീപിക്കുന്നതും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ ലോക്‌സഭയിലും രാജ്യസഭയിലും കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നതും കോണ്‍ഗ്രസ് ആലോചിക്കുന്നു. ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളിലാണ് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്നത്. ഇതിന് മുന്‍പ് തന്നെ പരമാവധി സമ്മര്‍ദം ചെലുത്തി രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിക്കുന്നത് വൈകിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ രംഗത്തെത്തി. ”രാഹുല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതിനെ നരേന്ദ്ര മോദി ഭയക്കുന്നുണ്ടോ? വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്”– അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നതിനെടുത്ത വേഗം എന്തുകൊണ്ട് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ഉണ്ടാകുന്നില്ലെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അംഗത്വം ഒരുമാസം കഴിഞ്ഞാണ് പുനഃസ്ഥാപിച്ചത്. ഇതാകും സ്പീക്കര്‍ ഉയര്‍ത്തുന്ന വാദം.

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തു നേരിട്ടു സ്വീകരിക്കാതെ സ്പീക്കര്‍ ഓം ബിര്‍ല ഒഴിഞ്ഞുമാറിയിരുന്നു. സമയം അനുവദിക്കാതിരുന്നതോടെ, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കത്ത് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ എല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 23ലെ സുപ്രീംകോടതി ഉത്തരവ് വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കിയത്.

webdesk13: