X

അന്താരാഷ്ട്ര സംഗീത മത്സരത്തില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണം; അല്ലെങ്കില്‍ മത്സരം ബഹിഷ്‌കിരിക്കുമെന്ന് ഐസ്‌ലാന്‍ഡും ഫിന്‍ലാന്‍ഡും

അന്താരാഷ്ട്ര സംഗീത മത്സരമായ യൂറോവിഷനില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി ഫിന്‍ലാന്‍ഡ് മ്യൂസിക് ഇന്‍ഡസ്ട്രിയിലെ 1,400 കലാകാരന്മാര്‍. ഗസയിലെ ഇസ്രാഈല്‍ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സയണിസ്റ്റ് ഭരണകൂടത്തെ വിലക്കണമെന്ന് ഫിന്നിഷ് സംഗീത കലാകാരന്മാര്‍ യൂറോവിഷന്‍ അധികൃതര്‍ക്ക് കത്തെഴുതിയത്.

‘ഇസ്രാഈല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു. തങ്ങളുടെ പ്രതിഛായ മെച്ചപ്പെടുത്തുവാന്‍ ഇസ്രാഈല്‍ യൂറോവിഷനില്‍ പങ്കെടുക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല,’ പരാതി നല്‍കാന്‍ നേതൃത്വം നല്‍കിയ ലൂകാസ് കോര്‍പെലൈനെന്‍ പറഞ്ഞു.മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പങ്കെടുക്കുന്ന അന്താരാഷ്ട്രതലത്തിലുള്ള വാര്‍ഷിക സംഗീത മത്സരമാണ് യൂറോ വിഷന്‍. ലൈവ് ടെലിവിഷന്‍ ബ്രോഡ്കാസ്റ്റില്‍ അവതരിപ്പിക്കാനുള്ള ഗാനങ്ങള്‍ രാജ്യങ്ങള്‍ സമര്‍പ്പിക്കും.

മത്സരിക്കുന്ന രാജ്യങ്ങളും പ്രേക്ഷകരും വോട്ടിങ് നടത്തിയാണ് വിജയിയെ തെരഞ്ഞെടുക്കുക.2018ല്‍ മത്സരത്തില്‍ വിജയിച്ച ഇസ്രഈല്‍ 1973 മുതല്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, മത്സരത്തിന്റെ സംഘാടകരായ യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന്‍ ഇസ്രാഈല്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇസ്രഈലിനെ വിലക്കിയിട്ടില്ലെങ്കില്‍ മത്സരം ബഹിഷ്‌കരിക്കുമെന്നാണ് കലാകാരന്മാര്‍ പറയുന്നത്. ഫിന്നിഷ് ടെലിവിഷന്‍ കമ്പനിയായ യ്‌ലെ സംഘാടകരില്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് അവരുടെ ആവശ്യം.

ഡിസംബറില്‍ ഐസ്ലാന്‍ഡില്‍ നിന്നുള്ള കലാകാരന്മാരും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇസ്രഈല്‍ പങ്കെടുത്താല്‍ തങ്ങള്‍ ബഹിഷ്‌കരിക്കും എന്നാണ് ഐസ്ലാന്‍ഡും പറയുന്നത്. 2022ല്‍ റഷ്യ ഉക്രൈനെ ആക്രമിച്ചപ്പോള്‍ റഷ്യയെ മത്സരത്തില്‍ നിന്ന് വിലക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് യ്‌ലെ ആയിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു.

 

webdesk13: