X

ഇടതുപക്ഷ മാധ്യമത്തിലെ ഇസ്‌ലാമോഫോബിയ വിവാദമായി; മുസ്‌ലിം വനിതകളെ അവഹേളിച്ചെന്ന്

റമസാന്‍ വ്രതകാലത്ത് മുസ്‌ലിം കുടുംബങ്ങളിലെ സ്ത്രീകള്‍ നരകയാതന അനുഭവിക്കുകയാണെന്ന തരത്തിലുള്ള ഒരു മാധ്യമത്തിലെ ലേഖനം ചര്‍ച്ചയാകുന്നു. വീട്ടമ്മമാര്‍ രാപ്പകല്‍ അടുക്കളകളില്‍ പുരുഷന്‍മാര്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്നും പുരുഷന്‍മാര്‍ സുഖിച്ച് കഴിയുകയാണെന്നുമാണ് ലേഖനത്തിന്റെ സാരാംശം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഇത്തരത്തില്‍ ലേഖനം എഴുതിയത്. അതിലെ വൈരുധ്യങ്ങളും തെറ്റുകളും കാണാതെ അപ്പടി പ്രസിദ്ധീകരിക്കുകയാണ് ഇടതുപക്ഷക്കാര്‍ നേതൃത്വം നല്‍കുന്ന എഡിറ്റര്‍മാര്‍ ചെയ്തതെന്നുമാണ് പരാതി. ഓണ്‍ലൈന്‍ മാധ്യമത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖകന്‍ അതിശയോക്തിപരമായാണ് പലതും പറഞ്ഞതെന്നാണ് ന്യായീകരണം.

‘കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിളമ്പി കഴിഞ്ഞ് ആ പാത്രങ്ങളില്‍ അവശിഷ്ടങ്ങള്‍ കഴിക്കുകയാണ് മുസ് ലിം വീട്ടമ്മമാര്‍ എന്നും പുരുഷന്‍മാര്‍ ഭൂമിയില്‍ ഭാര്യമാര്‍ക്ക് നരകം തീര്‍ക്കുകയാണെന്നുമൊക്കെയാണ് ലേഖകന്റെ ഭാവനാവിലാസം. ലേഖനത്തിന് എതിരെ സാമൂഹ്യമാധ്യമത്തില്‍ വലിയ വിമര്‍ശനമാണ് വന്നിരിക്കുന്നത്.

ഖാദര്‍ പാലാഴിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്:

പത്രാധിപസമിതിക്ക് മുമ്പില്‍ വരുന്ന കുറിപ്പില്‍ പരസ്പര വൈരുദ്ധ്യം മുഴച്ച് നില്‍ക്കുന്നത് കാണാതെ പ്രസിദ്ധീകരിക്കുന്നത് ആ കുറിപ്പിന്റെ സദുദ്ദേശ്യത്തെ തന്നെ കെടുത്തിക്കളയും. കുറിപ്പുകാരന്‍ അടിവരയിടുന്ന ഒരു കാര്യമുണ്ട്. ‘ അതിസമ്പന്നരുടെ വീടുകളിലെ നോമ്പുകാലത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. എന്നാല്‍ ഏറ്റവും താഴെ തട്ടിലുള്ള കൂലിപ്പണിക്കാരുടെ വീട്ടിലെ നോമ്പ് കാലങ്ങള്‍ എനിക്ക് നന്നായിട്ട് അറിയാം’
എന്ന് . പക്ഷേ പറഞ്ഞതത്രയും പലവര്‍ണങ്ങളിലും മണങ്ങളിലും രുചികളിലും നാനാതരം വിഭവങ്ങള്‍ തയ്യാറാക്കുന്ന സമ്പന്ന കുടുംബങ്ങളിലെ കാര്യങ്ങളും .

ലേഖനപ്രകാരം താഴെ തട്ടിലുളള വീടുകളില്‍ ഭര്‍ത്താവും കുട്ടികളും എ.സി റൂമിലാവും കിടന്നുറങ്ങുന്നത്. അവിടെ ഉച്ചക്ക് 12 മണിവരെ തുടക്കാനുള്ള 3000 – 4000 സ്‌ക്വയര്‍ ഫീറ്റ് നിലവും മുറ്റവുമുണ്ടാവും. കഴുകാന്‍ എമ്പാടും കക്കൂസുകളുണ്ടാവും. കല്ലില്‍ അടിച്ച് തിരുമ്പാന്‍ വസ്ത്രക്കൂട്ടങ്ങളുമുണ്ടാവും. കുറിപ്പിലെ മൊത്തം സമയം കൂട്ടി നോക്കുമ്പോള്‍ സ്ത്രീക്ക് വിശ്രമിക്കാന്‍ കിട്ടുന്ന സമയം മൂന്നോ നാലോ മണിക്കൂറാണ്. അതു പോലും ഒപ്പിച്ചെടുക്കാന്‍ ലേഖകന് കഴിയുന്നില്ല. കാരണം നിലം തുടച്ചും അടിച്ചും കഴിയുമ്പോഴേക്ക് തന്നെ ഉച്ച 12 മണിയാവും. ഒരു മണിക്ക് അടുക്കളയില്‍ കയറുകയും വേണം. ഒരു മണിക്കൂര്‍ കൊണ്ട് ലേഖകന്‍ കുളിയും നിസ്‌ക്കാരവും മാത്രമല്ല ഉറക്കവും കഴിപ്പിക്കുന്നുണ്ട്. തുടയ്ക്കല്‍ 11 മണിക്ക് അവസാനിപ്പിച്ചാല്‍ ഒരുവിധം അഡ്ജസ്റ്റ് ചെയ്യാവുന്നതായിരുന്നു. അടുത്ത കുറിപ്പില്‍ ശ്രദ്ധിച്ചാല്‍ മതി.

എഡിറ്റ് ചെയ്തവര്‍ 35-40 കൊല്ലമായി ഉഗാണ്ടയിലായിരുന്നുവെന്ന് കാണിക്കുന്ന വേറെയും കാര്യങ്ങള്‍ ഇതിലുണ്ട്. അതിലൊന്നാണ് നോമ്പ് തുറക്ക് ശേഷം നിര്‍വഹിക്കുന്ന പാതിരാ നിസ്‌ക്കാരം. അശോകപുരത്ത് പോലും അത് രാത്രി ഒമ്പതിനോ ഒമ്പതേകാലിനോ അവസാനിക്കും. മുജാഹിദ് – ജമാഅത്ത് കുടുംബങ്ങളിലെ സ്ത്രീകള്‍ തറാവീഹ് നിസ്‌ക്കരിക്കാന്‍ പള്ളിയില്‍ പോവുമ്പോള്‍ സുന്നികള്‍ക്കിടയില്‍ ഒരു ഗ്രാമത്തില്‍തന്നെ നിരവധി വീടുകളില്‍ കൂട്ട നിസ്‌കാരം വര്‍ഷങ്ങളായി നടക്കുന്നുണ്ട്. ഇവരുടെ എണ്ണത്തോടൊപ്പം നില്‍ക്കുന്നതാണ് തറാവീഹ് വീട്ടില്‍ നിസ്‌കരിക്കുന്നവരും തീരേ നിസ്‌ക്കരിക്കാത്തവരും.

ലേഖകന്‍ ഡിഫിക്കാരനാണെന്ന് പ്രൊഫൈലില്‍നിന്ന് മനസിലാക്കാം. നമ്മള്‍ കേരളീയര്‍ ജീവിത നിലവാര സൂചികയില്‍ ലോക നിലവാരത്തിലാണെന്ന് ഇലക്ഷന്‍ പ്രചാരണ കാലത്ത് മാത്രം വെറും വര്‍ത്തമാനം പറയുന്നതാണോ? അല്ല . അതില്‍ കുറേയേറെ ശരികളുണ്ട്. സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമാണിത്. മുന്‍കാലങ്ങളെ പോലെ ഉരലില്‍ ഇടിച്ചല്ല ഇവിടെ പത്തിരിപ്പൊടിയുണ്ടാക്കുന്നത്. അത്യാവശ്യം വകയുള്ളവരൊക്കെ ഒരു സിന്റക്‌സ് ടാങ്കെങ്കിലും സംഘടിപ്പിച്ച് പൈപ്പ് കണക്ഷനെടുക്കുന്നതിനാല്‍ വെള്ളം കെട്ടിവലിക്കേണ്ടി വരുന്നില്ല. മിക്‌സിയില്ലാത്ത വീടുകള്‍ കുറവായതിനാല്‍ അമ്മികളില്‍ മുളക് പുരളുന്നില്ല. മധ്യവര്‍ഗത്തിന് മുകളിലുള്ള വീടുകളിലൊക്കെ വാഷിംഗ് മെഷീനുണ്ട്. നോമ്പ് പലഹാരങ്ങള്‍ക്ക് വേണ്ടി ഗ്രാമങ്ങളില്‍ പോലും തിരക്കുള്ള കൗണ്ടറുകളുണ്ട്. ചില വീട്ടുകാരും ഇത് സപ്ലൈ ചെയ്യുന്നു. ഇതൊന്നും പ്രാപ്യമല്ലാത്ത പട്ടിണിപ്പാവങ്ങള്‍ ഇവിടെ തീരെയില്ല എന്ന അവകാശ വാദവും ആര്‍ക്കുമില്ല. എന്നാല്‍ ലേഖകന്‍ പറയുന്നത് 11 മാസം അരപ്പട്ടിണിയും റമദാനില്‍ മുഴുപ്പട്ടിണിയും കിടക്കുന്ന ഒരുപാട് മനുഷ്യര്‍ ഇവിടെയുണ്ടെന്നാണ്. എങ്കില്‍ ഇത്രയും കാലം ഇ.എം.എസ് മുതല്‍ പിണറായി വരേയുള്ളവര്‍ കേരളത്തെ മറ്റൊരു ബംഗാളാക്കുകയായിരുന്നോ? അതോ വരികള്‍ക്കിടയില്‍ വൈരുദ്ധ്യം പൂഴ്ത്തിവെച്ച് സി.പി.എമ്മിന് ഒരു പണി കൊടുക്കുകയായിരുന്നോ എഡിറ്റര്‍മാര്‍.

വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര ഇനിയും അവസാനിക്കുന്നില്ല. ഈ പ്രബുദ്ധ ജനാധിപത്യ നവോത്ഥാന കേരളത്തില്‍ പണക്കാരന്‍ ദിവസവും ‘മൂന്നും അഞ്ചും പത്തും കിലോ ‘ ഇറച്ചി വാങ്ങുമ്പോള്‍ അരക്കിലോ ഇറച്ചി വാങ്ങാന്‍ വന്നവന്‍ പണക്കാര്‍ക്കെല്ലാം കൊടുത്ത് തീരും വരെ ഒരക്ഷരം മിണ്ടാതെ കാത്തിരിക്കേണ്ടി വരുന്നു! ഇറച്ചിപ്പീടികയില്‍ മാത്രമല്ല ഈ കാത്തിരിപ്പ് . പണക്കാരന്‍ ദിവസവും കിലോക്കണക്കിന് ഫ്രൂട്ട്‌സ് വാങ്ങുന്നിടത്തും പാവങ്ങള്‍ പ്രതിഷേധത്തിന്റെ ഒരൊച്ച പോലും ഉണ്ടാക്കുന്നില്ല. അതെ , ഈ നവോത്ഥാന കേരളത്തില്‍ തന്നെ!.

നോമ്പുതുറ -അത്താഴ ഭക്ഷണമൊക്കെ എല്ലാ വീടുകളിലും ലേഖനത്തിനൊപ്പം കൊടുത്ത ചിത്രം പോലെയാണെന്ന് സ്ഥാപിക്കുന്നതില്‍ ചില താല്‍പര്യങ്ങളുണ്ട്. അത് പക്ഷേ മറ്റൊരു ചര്‍ച്ചാ വിഷയമാണ്. എന്റെ വീട്ടില്‍ നാല് പേര്‍ക്ക് നാല് കഷ്ണം പുട്ടാണുണ്ടാക്കുക. വൈകിട്ടത്തെ ബാക്കിയുണ്ടെങ്കില്‍ അതുമില്ല. ചായയുണ്ടാക്കും. എന്നാല്‍ പരമാവധി വെള്ളം കുടിക്കും. മിക്ക വീടുകളിലും ഇതാണവസ്ഥ. എന്നാല്‍ തീറ്റപ്പണ്ടാരങ്ങള്‍ തീരേയില്ലെന്നും പറയാനാവില്ല. സ്ത്രീകളെ ഭര്‍ത്താവും കുട്ടികളും സഹായിക്കുന്ന വീടുകളും കഷ്ടപ്പെടുത്തുന്ന വീടുകളുമുണ്ട്. നോമ്പുകാലത്ത് മാത്രമല്ല മറ്റ് മാസങ്ങളിലും . ഇവിടെ ട്രൂകോപ്പി സ്റ്റോറി പ്രസരിപ്പിക്കുന്ന ചിത്രം പൊതുചിത്രമല്ല. എന്നാല്‍ ഇത്തരം സ്റ്റോറികള്‍ മാധ്യമ മത്സരക്കമ്പോളത്തില്‍ ഏറെ വിറ്റഴിക്കപ്പെടുന്നതാണ്.

ഏറെ അദ്ഭുതപ്പെടുത്താതിരുന്നത് ഈ കുറിപ്പില്‍ വിയോജിപ്പിന്റെ ഒരു പോയിന്റ് പോലും പ്രകടിപ്പിക്കാതെ ഫുള്‍ മാര്‍ക്കിട്ട ചില അദ്ധ്യാപകരുടേതാണ്. ഒരുപക്ഷേ പുതിയ അദ്ധ്യാപന രീതി ശീലിച്ചതു കൊണ്ടാവും. അല്ലെങ്കില്‍ അവര്‍ക്ക് ചില അംഗീകാര പത്രങ്ങള്‍ വേണ്ടതിനാലാവും.. പല നേരങ്ങളിലും പല വിഷയങ്ങളിലും മൗനം ഭുജിച്ചും ചില നേരങ്ങളില്‍ നിക്ഷ്പക്ഷ നാട്യത്തിലുള്ള പ്രതിരോധം തീര്‍ത്തും അവര്‍ അംഗീകാരങ്ങള്‍ നേടുന്നുണ്ടല്ലോ. ആകെ മൊത്തം പറഞ്ഞു വന്നത് ഇതാണ്. കുഴപ്പം ട്രൂകോപ്പി ലേഖകന്റേതല്ല. ഉഗാണ്ടയില്‍ ജീവിക്കുന്ന എഡിറ്റര്‍മാരുടേതാണ്.

 

webdesk14: