X

കൊടപ്പനക്കൽ കുടുംബത്തിന്‍റെ സ്നേഹ സമ്മാനം; നഗരാരോഗ്യ കേന്ദ്രത്തിന് 15 സെന്‍റ് ഭൂമി കൈമാറി

മലപ്പുറത്തിന്റെ ആരോഗ്യമേഖലയില്‍ പുതിയ നാഴികകല്ല് തീര്‍ത്ത് ആരോഗ്യ കേന്ദ്രത്തിന് സ്ഥലം വിട്ട് നല്‍കി പാണക്കാട് തങ്ങള്‍ കുടുംബം. കുടുംബസ്വത്തില്‍ നിന്ന് മലപ്പുറം-പരപ്പനങ്ങാടി പാതയോരത്ത് ഭൂമിക്ക് ഉയര്‍ന്ന വിലയുള്ള പ്രദേശം സൗജന്യമായി മലപ്പുറം നഗരസഭക്ക് വിട്ടുനല്‍കി സ്വന്തം കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം ലഭ്യമായി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ രജിസ്റ്റര്‍ ചെയ്ത ആധാരം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരിക്ക് കൈമാറി. മലപ്പുറത്തിന്റെയും സമീപ പ്രദേശങ്ങളിലെയും പൊതുസേവന സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പാരമ്പര്യമായി തന്നെ ഇത്തരം സ്ഥലസൗകര്യങ്ങള്‍ ഉള്‍പ്പെടെ നല്‍കാന്‍ കഴിഞ്ഞതില്‍ പാണക്കാട് കുടുംബത്തിന് എന്നും സന്തോഷം മാത്രമാണുള്ളതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

പാണക്കാട് തങ്ങള്‍ കുടുംബം പുരാതനകാലം മുതല്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സ്വന്തം നിലക്കും അല്ലാതെയും സമാധാനം പകര്‍ന്ന മഹത്തായ പാരമ്പര്യത്തിന്റെ അവകാശികളാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഭൂമി കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ. സക്കീര്‍ ഹുസൈന്‍, പി.കെ. അബ്ദുല്‍ ഹക്കീം, മറിയുമ്മ ഷെരീഫ്, സിദ്ദീഖ് നൂറെങ്ങല്‍, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി പി.കെ. ബാവ, നഗരസഭ കൗണ്‍സിലര്‍മാരായ ഇ.പി. സല്‍മ ടീച്ചര്‍, സജീര്‍ കളപ്പാടന്‍, ശിഹാബ് മോടയങ്ങാടന്‍, മഹ്മൂദ് കൊതെങ്ങല്‍, സി.കെ. സഹീര്‍, എ.പി. ശിഹാബ്, പരി അബ്ദുല്‍ ഹമീദ്, ജുമൈല ജലീല്‍, റിനു സമീര്‍, കദീജ നാണത്, ഷാഫി മോഴിക്കല്‍, അയിശാബി ഉമ്മര്‍, മന്നയില്‍ അബൂബക്കര്‍, നസീര്‍ ശിഹാബ് തങ്ങള്‍, കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.

webdesk14: