പാര്‍ട്ടി നേതാക്കന്‍മാരുടെ മക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ സി.പി.എം ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. ബിനീഷ് കോടിയേരിക്കെതിരെ ആരോപണം വന്നപ്പോള്‍ പ്രതികരിക്കാതിരുന്ന പാര്‍ട്ടി, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം വന്നപ്പോള്‍ പ്രതിരോധം തീര്‍ക്കുന്നത് ഉയര്‍ത്തിയാണ് വിമര്‍ശനം ശക്തമാകുന്നത്. ബിനീഷിന്റെ കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് കോടിയേരി അന്ന് പറഞ്ഞിരുന്നു. 2 പേരുടേയും കാര്യത്തില്‍ ഒരേ നിലപാട് തന്നെയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറയുന്നത്.
മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായപ്പോള്‍ കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സംശയങ്ങള്‍ക്കിട നല്‍കാതെ കോടിയേരി വ്യക്തമാക്കി. പാര്‍ട്ടി ഒരു സംരക്ഷണവും ബിനീഷിന് നല്‍കിയതുമില്ല. ഒരു പ്രസ്താവനയും ഇറക്കിയതുമില്ല. ഇതും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ഉയര്‍ന്ന മാസപ്പടി വിവാദവുമായിട്ടാണ് ചില പാര്‍ട്ടി അണികളും പ്രതിപക്ഷവും താരതമ്യം ചെയ്യുന്നത്. വീണക്കെതിരെ ആരോപണം ഉയര്‍ന്ന അധികം വൈകാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കി. വീണക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരിന്നു സി.പി.എം പ്രസ്താവന.
വീണയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ എത്തി. വീണയുടേയും ബിനീഷിന്റേയും ഒരേ നിലപാട് അല്ലായിരുന്നെങ്കിലും അങ്ങനെയായിരിന്നുവെന്നാണ് എം.വി ഗോവിന്ദന്‍ പറയുന്നത്. ബിനീഷിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ കോടിയേരി പ്രതികരിച്ചെങ്കിലും വീണക്കെതിരെ ആരോപണം ഉയര്‍ന്നിട്ട് മുഖ്യമന്ത്രി മൗനം തുടരുകയാണ്. പ്രതിപക്ഷത്തെ പ്രധാന നേതാക്കളാണെങ്കില്‍ ഇതൊന്നും കേട്ട മട്ട് കാണിക്കുന്നുമില്ല.