X

കോവിഡിനെ ഇക്കിളിയിട്ട് ജനത്തെ പ്രതിരോധിക്കുന്ന സര്‍ക്കാര്‍

കേരളത്തിലെ പ്രശാന്ത സുന്ദമായൊരു ഗ്രാമ പഞ്ചായത്ത്. രണ്ടു പേര്‍ ചില ലക്ഷണങ്ങളോടെ ടെസ്റ്റിന് വിധേയമാവുന്നു. ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 50 ശതമാനം. ഇനി ആ നാട്ടില്‍ ആരും പുറത്തിറങ്ങരുത്, കടകള്‍ തുറക്കരുത്, ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പകല്‍ നിയന്ത്രിതമായി തുറക്കാം. അമ്പലത്തിലോ പള്ളിയിലോ പോകരുത്; അനുമതി ബീവറേജിലേക്ക്മാത്രം. വാഹനങ്ങള്‍ക്ക്‌പോലും ഒറ്റ-ഇരട്ട അക്ക ക്രമീകരണം. കോഴിക്കോട് നഗരത്തില്‍നിന്ന് പെരുമണ്ണയിലേക്ക് സര്‍വീസ് നടത്തുന്നത് 36 സ്വകാര്യ ബസുകള്‍. ഒറ്റ അക്ക നമ്പര്‍ ഉള്ളത് 29 ബസുകള്‍ക്ക്. ഇരട്ട ഏഴ്. ഇതില്‍ രണ്ടെണ്ണം സര്‍വീസ് നടത്തുന്നില്ല. ഒറ്റ അക്ക നമ്പര്‍ അനുമതിയുള്ള ദിവസം 29 ബസുകള്‍ ഓടുന്നു. പിറ്റേന്ന് ഇരട്ട അക്ക ദിനത്തില്‍ അഞ്ചെണ്ണം. ഇരട്ട അക്ക ദിനത്തില്‍ നാലു ബസുകളിലേക്കുള്ള ആളുകള്‍ ഒന്നില്‍ കുത്തിനിറക്കുന്നതിനാല്‍ ഉള്ളില്‍ മാത്രമല്ല, പുറത്ത് തൂങ്ങിയും യാത്ര ചെയ്യേണ്ടിവരുന്നു.

രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തെ ഒന്നര വര്‍ഷത്തിന്‌ശേഷവും ഒന്നാമതാക്കി നിര്‍ത്തുന്ന സര്‍ക്കാറിന്റെ ‘മിടുക്കുകളെ’കുറിച്ചാണ് പറഞ്ഞുവരുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറുംമുമ്പ് പുന്നപ്ര വയലാറിലെ കമ്യൂണിസ്റ്റ് പുണ്യകേന്ദ്രത്തില്‍ നൂറുക്കണക്കിന് ‘പോരാളി’കളെ അണിനിരത്തി കോവിഡിനെ ഞെരിച്ചുകൊല്ലുന്നതു മാത്രമല്ല; ഇന്ദിരാഭവനില്‍ കെ.പി.സി.സി പ്രസിഡന്റ് ചുമതലയേല്‍ക്കുമ്പോള്‍ സാമൂഹ്യ അകലത്തിന്റെ ഭൂതക്കണ്ണാടിവെച്ച് കേസെടുക്കുന്നതുകൂടിയാണ് കേരള മോഡല്‍. 200 സ്‌ക്വയര്‍ ഫീറ്റുള്ള പാര്‍ട്ടി ഓഫീസില്‍ എണ്‍പത് പേരിരുന്ന് നാലായിരം സ്‌ക്വയര്‍ ഫീറ്റുള്ള പള്ളിയില്‍ 20 ആളുകള്‍പോലും കൂടരുതെന്ന് തിട്ടൂരം ഇറക്കുന്നതാണ് കമ്യൂണിസ്റ്റ് വിപ്ലവം. കോവിഡ് ബാധിച്ച് മരിച്ചയാളെ കുളിപ്പിച്ചതിന് കുടുംബത്തിനെതിരെ കേസുകളെടുത്ത രാജ്യത്തെ ഒരേയൊരു സംസ്ഥാനവും കേരളമാണ്.

ആരോഗ്യ വിദഗ്ധര്‍ക്ക്പകരം സി.പി.എം പിന്‍വാതില്‍ നിയമനക്കാരുടെ വൈരുദ്ധ്യാധിഷ്ഠിത കോവിഡ് പ്രതിരോധം ജനത്തെ പൂട്ടിയിട്ട് കോവിഡിനെ ഇക്കിളിയിട്ട് കൊല്ലുന്നതാണ്. രാജ്യത്ത് കോവിഡ് രോഗികളുടെയും ടെസ്റ്റ് പോസിറ്റിവിറ്റിയുടെയും മരണത്തിന്റെയും എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നു മാത്രമല്ല, ബഹുദൂരം മുന്നിലുമാണ്. കേരളത്തിന്റെ മൂന്നിരട്ടി ജനസംഖ്യയുള്ള പശ്ചിമബംഗാളിലും നാലിരട്ടിയുള്ള യു.പിയിലും ജനസാന്ദ്രതയില്‍ ഏറെ മുന്നിലുള്ള മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമൊന്നും ഇല്ലാത്ത എന്തു പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ബംഗാളും തമിഴ്‌നാടുമെല്ലാം ജനജീവിതം സാധാരണ നിലയിലേക്ക് നടന്നടുക്കുകയാണ്. കേരളത്തിലാവട്ടെ തള്ളും പൊള്ളുമായി കമ്യൂണിസത്തിന്റെ രഹസ്യാജണ്ടകളുടെ പറുദീസയാവുന്നു.

സ്വര്‍ണ്ണവും ഡോളറും ഈത്തപ്പഴവും മയക്കുമരുന്നും ഹവാലയും റിവേഴ്‌സ് ഹവാലയുമെല്ലാം കോവിഡ് ലേബലൊട്ടിച്ച കിറ്റിലൂടെ മറികടന്നവര്‍ നിലാവുണ്ടെന്ന് കരുതി പുലരുവോളം കക്കാനുള്ള സൂത്രപ്പണിയാണ് ചെയ്യുന്നത്. ജനം വീണ്ടും വോട്ടു ചെയ്താണ് അധികാരത്തിലെത്തിയതെന്നും എന്തും ചെയ്യാനുള്ള ലൈസന്‍സാണ് അതെന്നും കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍, അനുഭവിച്ചോ എന്നാണോ പറയുന്നത്. അച്യുതമേനോന്‍ സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിലൂടെ എഴുപതുകളില്‍തന്നെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ വിശ്വോത്തര കേരള മോഡല്‍ പടുത്തുയര്‍ത്തിയ നാടാണ് ധാര്‍ഷ്ട്യം അലങ്കാരമായി കൊണ്ടുനടക്കുന്ന ഭരണാധികാരികളുടെ താന്നോന്നിത്തത്തില്‍ തകര്‍ന്ന് തരിപ്പണമാവുന്നത്. തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് പോകുന്ന എണ്‍പത് പിന്നിട്ട വൃദ്ധമാതാവിനെയും ബാങ്ക് വിളിക്കാന്‍ പള്ളിയിലേക്കുപോകുന്ന ഉസ്താദിനെയും കടയുടെ ഷട്ടര്‍ താഴ്ത്താന്‍ സെക്കന്റുകള്‍ വൈകുന്ന വ്യാപാരികളെയും ഒളിഞ്ഞിരുന്ന് ചാടിവീണ് പിടിക്കുന്നവരും കൊറോണയും തമ്മില്‍ എന്താണ് വ്യത്യാസം. കോവിഡ് മഹാമാരിയുടെ പിടിയില്‍നിന്ന് കുതറി ലോകമാകെ അതിജീവനത്തിലേക്ക് ഉണരാന്‍ ശ്രമിക്കുമ്പോള്‍ കോവിഡിനെ തലോടി മനുഷ്യനെ തല്ലുന്ന ഭരണകൂടം മലയാളികളുടെ മഹാഭാഗ്യമാണെന്ന് പി.ആര്‍ ഏജന്‍സികള്‍ തലകുത്തിമറിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, സാമൂഹ്യ അകലത്തിന്റെയും മുന്‍കരുതലിന്റെയും ബാലപാഠമെങ്കിലും ഉള്‍ക്കൊള്ളണമെന്ന് പറയാന്‍ ജനത്തിന് അവകാശമുണ്ട്.

രോഗം വ്യാപകമായി വീട്ടിലും പുറത്തും ഒരുപോലെ പടര്‍ന്നശേഷം ടി.പി.ആര്‍ ഉട്യോപ്യയെ മുന്‍നിര്‍ത്തി അടച്ചുപൂട്ടുന്നത് എത്രകാലം തുടരാനാവും. ശനിയും ഞായറും അടച്ചുപൂട്ടുന്ന നഗരത്തിലേക്ക് അത്യാവശ്യങ്ങള്‍ക്കായി വെള്ളിയാഴ്ച ജനം കുത്തിയൊഴുകുമെന്നതില്‍ ആര്‍ക്കാണ് സംശയം. വൈകിട്ടോടെ അടക്കുംമുമ്പ് കടകളില്‍ ജനം തിക്കിത്തിരക്കുമെന്ന് അറിയാത്തവരുണ്ടോ.

എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രധാന കടകളെല്ലാം തുറക്കുന്നതാണോ, ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പകലില്‍ അല്‍പനേരം തുറക്കുന്നതാണോ തിരക്ക് ഒഴിവാക്കുക. ഓണവും വിഷുവും പെരുന്നാളും ക്രിസ്മസുമെല്ലാം നഷ്ടപ്പെട്ട വ്യാപാരികള്‍ വാടകയും ലോണും കൊടുക്കാന്‍പോലും കഴിയാതെ ജീവിതത്തിനുമുമ്പില്‍ പകച്ചുനില്‍ക്കുകയാണ്. ഇപ്പോള്‍, ബലിപെരുന്നാള്‍ വിപണിയുടെ ആസ്ഥാനമായ കോഴിക്കോട് നഗരം ടി.പി. ആര്‍ മാപിനി പ്രകാരം കാറ്റഗറി ‘സി’യിലാണെന്നാണ് തിട്ടൂരം. ടെക്‌സ്‌റ്റൈല്‍സുകളും ഷോപ്പുകളും തുറക്കുന്നത് എല്ലാദിവസവും പാടെ വിലക്കിയതോടെ സ്വാഭാവികമായും പ്രതിഷേധിച്ച 15 വ്യാപാരികളെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. തലേന്നുതന്നെ കട തുറക്കുന്നവരെ രോഗപ്രതിരോധ വകുപ്പിന്റെ പ്രഹരശേഷി ഓര്‍മ്മിപ്പിച്ച് കമ്മീഷണര്‍ വാറോല ഇറക്കിയിരുന്നു. ഇതേ ഉത്തരവില്‍ മേലൊപ്പ് ചാര്‍ത്തുന്ന അതേ സമയത്ത് മറ്റൊരു കമ്യൂണിസ്റ്റ് ‘സ്വര്‍ഗമായ’ ക്യൂബയില്‍ കോവിഡ് നിയന്ത്രണങ്ങളെ വകവെക്കാതെ ജീവിക്കാനായി സഹികെട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ജനം കൂട്ടത്തോടെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

2020 ഫെബ്രുവരിയില്‍ കേരളത്തെ ‘കോവിഡ് മുക്തമായി’ പ്രഖ്യാപിച്ച അന്നത്തെ ആരോഗ്യ മന്ത്രി ശൈലജയുടെ എഫ്.ബി പേജിലോ ഒന്നര പതിറ്റാണ്ടായുള്ള ദേശാഭിമാനി, ചിന്ത പ്രസിദ്ധീകരണങ്ങളിലോ കണ്ണോടിച്ചാലറിയാം കേരള കമ്യൂണിസ്റ്റുകളുടെ ക്യൂബ തള്ള്. കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന കേരളവും ക്യൂബയുമാണ് ശരിയായ ആരോഗ്യ മോഡലുകളെന്ന് സ്ഥാപിച്ചെടുക്കുന്ന എത്രയെത്ര ലേഖനങ്ങളാണ് ഒന്നര വര്‍ഷത്തിനിടെ ദേശാഭിമാനി ചുട്ടെടുത്തത്. കമ്യൂണിസ്റ്റ് ചൈനയിലെ വുഹാനില്‍ നിന്നാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടതെന്നോ ഉത്തര കൊറിയയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ചുവരില്‍ ചിത്രമായി തൂങ്ങുന്നതിനെകുറിച്ചോ ഇവരോട് ചോദിക്കരുത്. ക്യൂബയില്‍ നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി കൊറോണക്ക് ഫലപ്രദമാണെന്നും ചൈനയെ പോലും രക്ഷിച്ചത് ഈ മരുന്നാണെന്നും വൈകാതെ കേരളത്തിലും നേരിട്ട് ഇറക്കുമതി ചെയ്യുമെന്നും കമ്യൂണിസ്റ്റ് ബദല്‍ സിദ്ധാന്തിച്ച് വര്‍ഷം ഒന്നു പിന്നിട്ടു. അപ്പോഴാണ്, ജനാധിപത്യം ഷോക്കേസില്‍ വെച്ച ക്യൂബയിലും ‘ഭരണത്തുടര്‍ച്ച’ ജനം അനുഭവിക്കുകയാണെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഭക്ഷണവും വൈദ്യുതിയും കോവിഡ് വാക്‌സിനും നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനത്തെ നേരിടാന്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് ക്യൂബ. കേരളത്തിന്റെ പാതി ജനസംഖ്യ ഇല്ലാത്ത ക്യൂബയില്‍പോലും അവരെ നിറക്കാനുള്ള ജയിലുകളില്ല. വൈകിയെങ്കിലും രാജാവ് നഗ്‌നനാണെന്ന സത്യം തിരിച്ചറിയുകയാണ് കരണീയം.

കൃത്യമായ ബോധവത്കരണവും വാക്്‌സിനേഷനും തന്ത്രങ്ങളുമാണ് കോവിഡിനെ അതിജീവിക്കാന്‍ അവശ്യം. പ്രതിപക്ഷ നേതാക്കളെപോലും മുഖവിലക്കെടുക്കാത്ത ആരോഗ്യ വകുപ്പ് മന്ത്രി, സാക്ഷരതാനിരക്കില്‍ രാജ്യത്ത് ഒന്നാമതായ മലയാളികളെ വിശ്വാസത്തിലെടുക്കാത്തത് കഷ്ടമെന്നല്ലാതെ എന്തുപറയാന്‍. അമേരിക്കയും ഫ്രാന്‍സും യു.കെയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മാസ്‌കു പോലും ഭാഗികമായി പിന്‍വലിച്ചുകഴിഞ്ഞു. രാജ്യത്ത് ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും സ്വാഭാവിക ജീവിതത്തിലേക്ക് മിഴി തുറക്കുന്നു. ഒരേ വീട്ടിലുള്ളവര്‍ ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ പോലും മാസ്‌കിന്റെ പേരില്‍ ചാടിവീണ് പോക്കറ്റടിക്കുകയാണ്. കയ്യൂക്കുകൊണ്ടല്ല, ബുദ്ധിയും ക്ഷമയും കൊണ്ടാണ് രോഗത്തെ അതിജീവിക്കേണ്ടത്. ജനത്തെ അനന്തമായി വീട്ടില്‍ അടച്ചിട്ടാലോ പൊലീസിനെ ഇറക്കി ലാത്തിച്ചാര്‍ജ്ജ് നടത്തിയാലോ പോകുന്ന ഒന്നല്ല രോഗം. പല രൂപത്തിലും ഭാവത്തിലും പത്തു വര്‍ഷമെങ്കിലും തുടര്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നൊരു സൂക്ഷ്മാണുവിനെ പ്രതിരോധിക്കുന്നതിനെകുറിച്ച്, കൊച്ചു കുട്ടികള്‍പോലും ആശയങ്ങള്‍ പങ്കുവെക്കാന്‍ പ്രാപ്തമായ നാട്ടില്‍, ബീവറേജിലും ബാറിലും കൊറോണ വരില്ലെന്നും അമ്പലത്തിലും പള്ളിയിലും ചര്‍ച്ചിലുമേ പോവൂ എന്നും പറയുന്നതൊക്കെ കൊള്ളാം.

 

web desk 3: