X

അറബിക്കടലിന്റെ സ്വഭാവം മാറി: കേരളത്തെ കാത്തിരിക്കുന്നത് ശക്തമായ ചുഴലിക്കാറ്റുകള്‍

കേരളം ഇനിയുള്ള കാലത്ത് കൂടുതല്‍ ചുഴലികാറ്റുകള്‍ നേരിടേണ്ടി വരുമെന്ന് വിദഗ്ധ മുന്നറിയിപ്പ്. അറബിക്കടലിന്റെ സ്വഭാവം പൂര്‍ണ്ണമായി മാറിക്കഴിഞ്ഞതായും പേമാരിയും വെള്ളപ്പൊക്കവുമാണ് വരും വര്‍ഷങ്ങളിലും കേരളത്തെ കാത്തിരിക്കുന്നതെന്നും പ്രമുഖ സമുദ്രകാലാവസ്ഥാ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. റോക്‌സി മാത്യു കോള്‍ പറഞ്ഞു. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷം ഒന്നോ രണ്ടോ ചെറിയ ചുഴലിക്കാറ്റുകള്‍ മാത്രം രൂപപ്പെട്ടിരുന്ന ആ പഴയ അറബിക്കടല്‍ മാറിക്കഴിഞ്ഞു. 2019 ല്‍ മാത്രം അറബിക്കടലില്‍ ഉണ്ടായത് അഞ്ചു ചുഴലിക്കാറ്റുകള്‍. മൂന്നു വര്‍ഷത്തിനിടെ പത്തു ചുഴലികള്‍. കാലവര്‍ഷത്തിനു മുന്‍പുതന്നെ ചുഴലിക്കാറ്റ് ഉണ്ടാകുന്നത് ഇത് തുടര്‍ച്ചയായ നാലാം വര്‍ഷം.

പോയ അരനൂറ്റാണ്ടില്‍ താപനിലയില്‍ ഉണ്ടായ വര്‍ധനയാണ് ഈ മാറ്റത്തിന് കാരണം. നാലു പതിറ്റാണ്ടിനിടെ അറബിക്കടലില്‍ 1.4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടി. ഇത് കാരണം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ചുഴലികള്‍ ഉണ്ടായേക്കും. വെള്ളപ്പൊക്കവും പേമാരിയും ഇനിയുള്ള വര്‍ഷങ്ങളില്‍ കൂടുതലാകുമെന്നും ഡോക്ടര്‍ റോക്‌സി മാത്യു കോള്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളം ഇപ്പോഴേ ഇതിനെ നേരിടാന്‍ മുന്നൊരുക്കം തുടങ്ങണം.

ന്യൂനമര്‍ദം അതിതീവ്ര ചുഴലിയാകാന്‍ എടുക്കുന്ന സമയവും കുറഞ്ഞു. കേരളതീരത്ത് നാശമുണ്ടാക്കിയ ഓഖിയടക്കമുള്ള ചുഴലികള്‍ മിന്നല്‍ വേഗത്തിലാണ് അതിതീവ്രമായത്. കനത്ത പേമാരികള്‍ ഇന്ത്യയില്‍ മൂന്നിരട്ടിയായി കൂടി. വരും വര്‍ഷങ്ങളിലും കേരളം അതിശക്തമായ ചുഴലിക്കാറ്റുകള്‍ നേരിടേണ്ടി വരും. തയാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങണം. തീരദേശങ്ങളില്‍ സ്ഥിരം അപകടമേഖലകളില്‍ താമസിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുന്നത് അടക്കം കേരളം ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. അറബിക്കടലിന്റെ മാറ്റം ആഴത്തില്‍ പഠിച്ചയാളാണ് രാജ്യത്തെ പ്രമുഖ സമുദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞരില്‍ ഒരാളും മലയാളിയുമായ ഡോക്ടര്‍ റോക്‌സി മാത്യു കോള്‍.

 

web desk 3: