X

ഒരു ഇടതു സര്‍ക്കാരിന്റെ ഭരണകാലത്തും ഇത്രവലിയ തൊഴിലാളി വിരുദ്ധത നേരിട്ടിട്ടില്ല; എ.ഐ.ടി.യു.സി

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി. സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എ.ഐ.ടി.യു.സി വിമര്‍ശിച്ചു. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരായ കുറ്റപ്പെടുത്തല്‍. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനം.

ടോട്ടക്‌സ് മാതൃകയില്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു. ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ടോട്ടക്‌സ് മാതൃകയിലുള്ള സ്മാര്‍ട്ട്മീറ്റര്‍ പദ്ധതി ഉപേക്ഷിക്കണമെന്നമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നുമാണ് ഉയര്‍ന്ന ആവശ്യം.

ക്ഷേമനിധിബോര്‍ഡുകളുടെ പ്രവര്‍ത്തനം താളം തെറ്റിച്ചത് ധനവകുപ്പിന്റെ പിടിപ്പുകേടാണെന്നും സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചു. ‘കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം സമയത്ത് കൊടുക്കാന്‍ കഴിയാത്ത നിലയില്‍ സര്‍ക്കാരെത്തി. ഇതിന് കാരണം ധനകാര്യവകുപ്പിന്റെ കെടുകാര്യസ്ഥതയാണ്. തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ മാറ്റാന്‍ മുഖ്യമന്ത്രി ഇടപെട്ടുള്ള ചര്‍ച്ചകള്‍ ഉടന്‍ വേണമെന്നും പ്രതിധിനികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡിഎ പല ഘട്ടങ്ങളിലും മുടങ്ങുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതിനെല്ലാം കാരണം സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനമാണ്. ഇടതു സര്‍ക്കാര്‍ ഭരിച്ചിരുന്ന ഒരു കാലത്തൊന്നും ഇത്രവലിയ തൊഴിലാളി വിരുദ്ധത നേരിട്ടിട്ടില്ലെന്നും സംഘടന പ്രതിനിധികള്‍ വിമര്‍ശിച്ചു.

webdesk13: