X

വര്‍ഗീയതക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാട്‌സ്വീകരിക്കണമെന്ന് പിണറായി വിജയന്‍

മുജാഹിദ് സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. മഴുഓങ്ങിനില്‍ക്കുന്നവരുടെ മുമ്പില്‍ ചെന്ന് തലവെച്ചുകൊടുക്കരുതെന്ന് അദ്ദേഹം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
രാജ്യത്ത് മതേതരമായിചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. കേന്ദ്രസര്‍ക്കാരിലെ ആളുകളാണ് ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയതക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കേണ്ടത്. ന്യൂനപക്ഷവിഭാഗങ്ങളില്‍ ആശങ്ക പരത്തുന്നവരോട് സന്ധിചെയ്യാന്‍പാടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വല്ലാത്തൊരു ഭയപ്പാട് നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. അത് തിരിച്ചറിയാതിരിക്കുന്നത്അപകടം ക്ഷണിച്ചുവരുത്തലാണ്.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വന്‍തോതില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. മുസ്ലിം നവോത്ഥാന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍വികരായ മക്തിതങ്ങള്‍, ഹമദാനി തങ്ങള്‍, കെ എം. മൗലവി, വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എം. സീതി സാഹിബ്, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങി നിരവധി പരിഷക്കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളാണ് ഈ മാറ്റങ്ങള്‍ക്കും മുസ്ലിംസമൂഹത്തിലെ പുരോഗതിക്കും നിദാനമായിട്ടുള്ളത്. ഒട്ടനവധി സ്ത്രീജനങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരുടെ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമങ്ങളാണ് ഈ നാടിനെയും നാവോത്ഥാന പ്രവര്‍ത്തനങ്ങളെയും പുരോഗതിയിലെക്ക് നയിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഏത് തരത്തിലുള്ള വര്‍ഗ്ഗീയതയും ആപത്താണ് .ആര്‍ എസ് എസ് , സംഘ്പരിവാര്‍ സംഘടനകള്‍ തല്ലാ അര്‍ത്ഥത്തിലും രാജ്യത്ത് പിടിമുറുക്കുമ്പോള്‍ അതിനെ തടഞ്ഞുനിര്‍ത്താന്‍ കേരളത്തിനു സാധ്യമായെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടൂ.

കോഴിക്കോട്: പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥ മാറണമെങ്കില്‍ എല്ലാവരും നിസ്സംഗത കൈ വെടിഞ്ഞു ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ഇടി.മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. ആയിരക്കണക്കില്‍ നിരപരാധികളായ ചെറുപ്പക്കാര്‍ തങ്ങള്‍ ചെയ്ത അപരാധമെന്താണന്ന് പോലും അറിയാതെ ജയിലില്‍ അടച്ചു പീഡിപ്പിച്ച് കൊണ്ടിരിക്കയാണ്. ഇത് സംബന്ധിച്ച് നിരവധി തവണ പാര്‍ലമെന്റില്‍ പോലും പ്രശ്‌നം ഉന്നയിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ല. ആരോടും പരാതിപ്പെടാന്‍ ആളില്ലാത്ത അവസ്ഥയിലെക്ക് നമ്മുടെ രാജ്യം നീങ്ങി കൊണ്ടിരിക്കുന്നു. പാരി തോഷികങ്ങള്‍ കോരി ചൊരിഞ്ഞു ജുഡീഷ്വറിയെ പോലും മാറ്റിമറിക്കുന്ന അവസ്ഥ നാം കണ്ട് കൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റ് വല്‍ക്കരണം എല്ലാ തുറകളിലും പിടിമുറുക്കിയിരിക്കയാണ്. ഭരണ സിരാ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഫാസിസ്റ്റ് വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു.  മുജാഹിദ് സമ്മേളന ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.എ മജീദ് എം എല്‍ എ, അഡ്വ.കെ. പ്രവീണ്‍ കുമാര്‍, സി.കെ. സുബൈര്‍, എം.വി. ശ്രേയാംസ് കുമാര്‍, അഡ്വ. ഹാരിസ് ബീരാന്‍, ഒ.അബ്ദുറഹിമാന്‍, കമാല്‍ വരദൂര്‍, പി.ഹംസ സുല്ലമി പ്രസംഗിച്ചു.

വനിതാ സമ്മേളനം –

സ്ത്രീ സമൂഹത്തെ ഇത്രയും സമൂഹത്തോട് ചേര്‍ത്ത് പിടിച്ച പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനമെന്നും വനിതാ ലീഗ് അഖിലേന്ത്യ അധ്യക്ഷ ഫാത്തിമ മുസ്ഫര്‍ പറഞ്ഞു. ഇന്ത്യയിലെ മുസ്ലിംകള്‍ അഭിമാനത്തോടെ ഈ രാജ്യത്ത് ജീവിക്കും. ഇസ്ലാം സ്ത്രീകള്‍ക്ക് ഉന്നതമായ പദവികള്‍ നല്‍കി ആദരിച്ചിരിക്കയാണ് .എവിടേക്കും ഓടി പോകേണ്ടവരല്ല അവര്‍. ഈ രാജ്യത്ത് തന്നെ ജീവിച്ചു ഈ മണ്ണില്‍ തന്നെ അവര്‍ മരിക്കും. അതുകൊണ്ട് തന്നെ സമാധാനപരമായി നാം മുന്നോട്ടു പോകുമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് അവര്‍ പറഞ്ഞു. ഇത്രയും ശക്തമായ ധാര്‍മ്മിക ബോധമുള്ള സ്ത്രീസമൂഹത്തെ ഒരുമിച്ച് കാണാന്‍ കഴിയുന്ന ഒരു വേദി കൂടിയാണിത്. തെറ്റും ശരിയും തിരിച്ചറിയാന്‍ നമ്മുടെ സഹാദരിമാര്‍ക്ക് കഴിയണം.

 

 

Chandrika Web: