X

കുസാറ്റ് അപകടം: അതീവ ദുഃഖകരമെന്ന് രാഹുല്‍ ഗാന്ധി

കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ നാലു പേരുടെ മരണത്തിനിടെയാക്കിയ അപകടത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. കുസാറ്റിലുണ്ടായ ദുരന്തം ഞെട്ടിക്കുന്നതും അതീവ ദുഃഖകരമാണെന്ന് രാഹുൽ വ്യക്തമാക്കി.

കുസാറ്റിലുണ്ടായ നാലു പേരുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദുഃഖമുളവാക്കുന്നതുമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനമറിയിക്കുന്നു. ഇത്രയും ദുഷ്‌കരമായ സമയത്തെ അതീജീവിക്കാന്‍ അവര്‍ക്ക് കരുത്തുണ്ടാകട്ടെ. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ, അവര്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായം നല്‍കണമെന്ന് ഞാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഹൃദയഭേദകമായ ദുരന്തമാണ് കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലുണ്ടായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ കണ്‍മുന്നില്‍ കാണുന്ന കാഴ്ചകള്‍ വേദനാജനകമാണെന്നും എല്ലാവരും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകണമെന്നും പറഞ്ഞ അദ്ദേഹം പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സാസംവിധാനം സജ്ജമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ അപകടം അത്യന്തം വേദനാജനകമാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മരണപ്പെട്ടവരുടെ കുടുംബാങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

കെ. സുധാകരന്‍ (കെ.പി.സി.സി. അധ്യക്ഷന്‍)

ഹൃദയഭേദകമായ വാര്‍ത്തയാണ് കുസാറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്നും പുറത്തുവരുന്നത്. ഗാനമേളയ്ക്ക് ഇടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു കുട്ടികള്‍ മരണപ്പെട്ടിരിക്കുന്നു. പലരുടെയും നില ഗുരുതരമായി തുടരുന്നു. മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അപ്രതീക്ഷിതമായ ഈ വേര്‍പാട് ആര്‍ക്കും സഹിക്കുവാന്‍ കഴിയുന്നതല്ല. എങ്കിലും പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

webdesk13: