X

കാനഡയില്‍ മുസ്‌ലിം പള്ളിയില്‍ കാറിടിച്ചുകയറ്റി ആക്രമണം, ഇന്ത്യന്‍ വംശജന്‍ പിടിയില്‍

കാനഡയില്‍ മുസ്‌ലിം പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയവര്‍ക്കുനേരെ കാറിടിച്ചുകയറ്റാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജന്‍ പിടിയില്‍. ഒന്റാരിയോയിലെ മാര്‍ഖാമിലായിരുന്നു സംഭവം. 28 കാരനായ ശരണ്‍ കരുണാകരനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഏപ്രില്‍ 6ന് ഡെനിസണ്‍ സ്ട്രീറ്റിലുള്ള ഇസ്‌ലാമിക് സൊസൈറ്റി ഓഫ് മാര്‍ഖാമിനു കീഴിലുള്ള പള്ളിയിലായിരുന്നു സംഭവം. പുലര്‍ച്ചെ ആറോടെയായിരുന്നു അക്രമി പള്ളിയുടെ പാര്‍ക്കിങ് കേന്ദ്രത്തിലേക്ക് കാറിടിച്ച് കയറ്റി പള്ളിയിലെത്തിയവരെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ വിശ്വാസികള്‍ക്കുനേരെ ഭീഷണി ഉയര്‍ത്തുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കാനഡയില്‍ ജോലിക്കെത്തിയ ശരണ്‍ ടൊറന്റോയിലാണ് താമസിക്കുന്നത്. വിദ്വേഷ കുറ്റ കൃത്യത്തിന് പൊലീസ് കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം യോര്‍ക്ക് റീജ്യനല്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെയും ഹേറ്റ് ക്രൈം വിഭാഗത്തിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ അപകടകരമായി വാഹനമോടിക്കല്‍, ആയുധവുമായി ആക്രമിക്കല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

webdesk13: