X

വി.ടി.എം എന്‍.എസ്.എസ് കോളേജിലെ വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ച സംഭവം; 4 എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം ധനുവെച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളേജിലെ റാങ്കില്‍ 4 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ചതില്‍ കോളേജ് അധികൃതരാണ് സസ്‌പെന്‍ഡ് ചെയ്തത്. എ.ബി.വി.പി പ്രവര്‍ത്തകരാണ് ഇവര്‍ നാലു പേരും.

വിവേക് കൃഷ്ണന്‍, ആരോമല്‍, പ്രണവ്, ഗോപീകൃഷ്ണന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 26ാം തിയതിയാണ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ബി.ആര്‍ നിരജിന് മര്‍ദനമേല്‍ക്കുന്നത്.

എ.ബി.വി.പി പ്രമുഖായിട്ടുള്ള ആരോമലിനെ ഉച്ചക്ക് ശേഷം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോളേജ് ഗ്രൂപ്പില്‍ മെസേജ് വരികയും പ്രമുഖിനെ കാണാതിരുന്ന നീരജിനെ ക്ലാസിന് പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നു.

മര്‍ദ്ദനമേറ്റ് തളര്‍ന്നിരുന്ന വിദ്യാര്‍ഥിയുടെ നെഞ്ചിലും ജനനേന്ദ്രിയത്തിലും സീനിയര്‍ വിദ്യാര്‍ഥികള്‍ ചവിട്ടുകയും പുറത്തുപറഞ്ഞാല്‍ വിവസ്ത്രനാക്കിയെടുത്ത ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടിലെത്തിയ വിദ്യാര്‍ഥിക്ക് ദേഹാസാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. അടിവയറ്റിലും ജനനേന്ദ്രിയത്തിലും മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിക്ക് മൂത്ര തടസ്സം അടക്കമുള്ള പ്രശ്‌നങ്ങളുണ്ട്. നേരത്തെ തന്നെ പൊലീസ് കേസെടുത്തിരുന്നു.

webdesk13: