X

സിംഹ വിവാദം ഏറ്റെടുത്ത് വി.എച്ച്.പി; അക്ബര്‍, സീത എന്നീ പേരുകള്‍ നല്‍കിയവര്‍ക്കെതിരെ നടപടി വേണം

പശ്ചിമ ബംഗാളിലെ സിലിഗുരി പാര്‍ക്കില്‍ സിംഹങ്ങളുടെ പേരുകളെ മതവുമായി കൂട്ടിച്ചേര്‍ത്ത് വിവാദമുയര്‍ത്തിയ പ്രാദേശിക നേതൃത്വത്തെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ദേശീയ നേതൃത്വം. പശ്ചിമ ബംഗാള്‍ പ്രീണന രാഷ്ട്രീയത്തിന്റെ കേന്ദ്രമായെന്ന് ദേശീയ വക്താവ് വിനോദ് ബെന്‍സല്‍ ആരോപിച്ചു.

ബംഗാളില്‍ ഉത്സവങ്ങള്‍ സംഘടിപ്പിക്കാനും വിശ്വാസം സംരക്ഷിക്കാനും ഹൈകോടതിയെ സമീപിക്കേണ്ട സാഹചര്യത്തിലാണ് ഹിന്ദു സമൂഹം. ഹിന്ദുക്കളെ അപമാനിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അക്ബര്‍, സീത എന്ന് സിംഹങ്ങള്‍ക്ക് പേര് നല്‍കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും വിനോദ് ബെന്‍സല്‍ ആവശ്യപ്പെട്ടു.

അക്ബര്‍ സിംഹത്തെ സീത എന്ന പെണ്‍ സിംഹത്തോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വിചിത്ര ആരോപണവുമായാണ് വി.എച്ച്.പി പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്. കൂടാതെ, സിലിഗുരിയിലെ സഫാരി പാര്‍ക്കില്‍ സിംഹ ജോഡികളെ ഒരുമിച്ച് താമസിപ്പിക്കാന്‍ ബം?ഗാള്‍ വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ വി.എച്ച്.പി ബം?ഗാള്‍ ഘടകം കൊല്‍ക്കത്ത ഹൈകോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു.

ബംഗാള്‍ വനം വകുപ്പാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്നും മുസ്‌ലിം നാമധാരിയായ അക്ബറിനെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ഹരജിക്കാര്‍ പറയുന്നു. ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹരജി ഈ മാസം 20ന് വിശദമായി പരിഗണിക്കുന്നതിന് മാറ്റി.

അതേസമയം, ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നെത്തിച്ച സിംഹ ജോഡികളാണെന്നും പേരുകള്‍ അവക്ക് നേരത്തെ നല്‍കിയിരുന്നതാണെന്നും പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി 13നാണ് ബംഗാളിലെ സിലിഗുരി പാര്‍ക്കില്‍ സിംഹങ്ങളെ എത്തിച്ചത്.

 

webdesk13: