X

ചെറുവാടിയില്‍ ചെങ്കല്‍ കോറിയിടിഞ്ഞു രണ്ട് പേര്‍ കൊല്ലപ്പെട്ടു

ചെറുവാടി പഴംപറമ്പില്‍ ചെങ്കല്‍ കോറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ട് പേര്‍ കൊല്ലപ്പെട്ടു. ചെങ്കല്‍ കോറി തൊഴിലാളികളായ ചെറുവാടി സ്വദേശി അബ്ദുറഹ്മാന്‍ മലപ്പുറം ഓമാനൂര്‍ സ്വദേശി വിനു എന്നിവരാണ് മരണപ്പെട്ടത്. കോറിയില്‍ ജോലിചെയ്യുന്നിതിനിടെ തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനില്ല. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. ചെങ്കല്‍ മെഷീന്റെ ഡ്രൈവര്‍മാരാണ് മരിച്ച 2 പേരും. വലിയ തോതില്‍ കൂട്ടിയിട്ട മണ്‍കൂനയില്‍ നിന്ന് മണ്ണിടിയുകയും മണ്‍കൂനക്കിടയിലെ കുറ്റന്‍ കല്ല് തലയില്‍ പതിക്കുകയുമായിരുന്നു. 20 ഓളം തൊഴിലാളികള്‍ ഈ സമയത്ത് ഇവിടെ ജോലിക്കുണ്ടായിരുന്നു. ഉടന്‍ തന്നെ ക്വാറിയിലെ ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും മുക്കം, അരീക്കോട്, തിരുവമ്പാടി പോലീസ്, മുക്കം ഫയര്‍ഫോഴ്‌സ് എന്നിവരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരാളെ 10 മണിയോടെയും 10.15 ഓടെ രണ്ടാമത്തെ ആളെയും മണ്ണിനടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

തിരുവമ്പാടി സി ഐ രാജപ്പന്‍, മുക്കം എസ് ഐ. കെ ഷാജിദ്, ജനമൈത്രി പോലീസുകാരായ എ എസ് ഐ. അസ്സയിന്‍, സി പി ഒ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്തംഗം സി കെ കാസിം, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് അനുവാദമില്ലാതെ പ്രവര്‍ത്തിക്കുന്ന കോറിയിലാണ് അപകടം നടന്നത്. അപകടം നടന്ന സ്ഥലം കീഴുപറമ്പ് പഞ്ചായത്തിലെ കുനിയില്‍ വില്ലേജിലാണ്.

chandrika: