X

2015ലെ നിയമസഭയിലെ കൈയാങ്കളിയില്‍ വിധി ഇന്ന്; കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍

തിരുവനന്തപുരം: 2015 ലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. അന്നത്തെ ധനമന്ത്രിയായിരുന്ന അന്തരിച്ച കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് സഭയില്‍ രണ്ടര ലക്ഷം രൂപ നഷ്ടത്തിനിട വരുത്തിയ കൈയാങ്കളിയുണ്ടായത്. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവരും വി. ശിവന്‍കുട്ടി, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സികെ സദാശിവന്‍ എന്നിങ്ങനെ ആറു പ്രതികളാണ് കേസിലുള്‍പെട്ടത്.

പ്രതിയായ വി. ശിവന്‍കുട്ടി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തു നല്‍കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ഇതിനെതിരെ തടസ ഹര്‍ജി നല്‍കി. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസില്‍ ഇന്നു വിധി പറയുന്നത്.

സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു സഭയുടെ നടുത്തളത്തില്‍ ഇറങ്ങി അന്നത്തെ പ്രതിപക്ഷമായ ഇടതു എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ 6 എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ്് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

web desk 1: