X

പ്രതിപക്ഷം പുനര്‍ജനിക്കുന്നു, ബിജെപിക്ക് ഷോക്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ രാജ്യത്ത് അധികാരത്തില്‍ എത്തിയ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അതിനു മുമ്പാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും ബി. ജെ.പി അപ്രതീക്ഷിത തിരിച്ചടിയെ നേരിട്ടിരിക്കുന്നത്.
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്തിയെന്ന് അവകാശപ്പെടാമെങ്കിലും രാഷ്്ട്രീയമായ വലിയ തോല്‍വിയാണ് ബി.ജെ.പി ഇവിടെ നേരിട്ടിരിക്കുന്നത്. 2014ല്‍ 122 സീറ്റ് നേടിയ സ്ഥാനത്തു നിന്ന് 102 സീറ്റിലേക്ക് ബി.ജെ.പി കൂപ്പുകുത്തി. 20 സീറ്റാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്. സഖ്യ കക്ഷിയായ ശിവസേനക്ക് ആറു സീറ്റും നഷ്ടമായി.
പ്രധാനമന്ത്രി നേരിട്ട് ഒരു ഡസനോളം തെരഞ്ഞെടുപ്പ് റാലികളിലാണ് മഹാരാഷ്ട്രയില്‍ പങ്കെടുത്തത്. ബി.ജെ.പി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ 30 റാലികളില്‍ പങ്കെടുത്തു. സംസ്ഥാനത്ത് കൂട്ടത്തോടെ തമ്പടിച്ച കേന്ദ്രമന്ത്രിമാര്‍ വേറെയും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നല്‍കിയ നൂറിലധികം റാലികളാണ് സംസ്ഥാനത്ത് ബി.ജെ.പി നടത്തിയത്. ഇതെല്ലാം ചേര്‍ത്തുവെച്ചു വേണം ബി.ജെ.പിയുടെ പ്രകടനത്തെ വിലയിരുത്താന്‍. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൊത്തം വോട്ടിന്റെ 27.81 ശതമാനമാണ് ബി.ജെ.പി നേടിയിരുന്നത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 27.59 ശതമാനം വോട്ടും. എന്നാല്‍ ഇത്തവണ ബി. ജെ.പിയുടെ വോട്ടു വിഹിതം 25.24 ശതമാനമായി കുറഞ്ഞു. ഹരിയാനയിലും സ്ഥിതി മറിച്ചല്ല. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33.2 ശതമാനവും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 58.02 ശതമാനവും വോട്ടു നേടിയ ബി.ജെ.പിക്ക് ഇത്തവണ 36.2 ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം 2014ല്‍ 20 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ 28.33 ശതമാനമായാണ് വോട്ടുവിഹിതം ഉയര്‍ത്തിയത്.
രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 18 സംസ്ഥാനങ്ങളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് സമാനമായ തിരിച്ചടി നേരിട്ടുണ്ട് എന്നത് മോദിയും ബി. ജെ.പിയും ഉയര്‍ത്തിയ വര്‍ഗീയ, ജാതി രാഷ്ട്രീയത്തിനപ്പുറത്ത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടായ തകര്‍ച്ച, സാമ്പത്തിക അരക്ഷിതാവസ്ഥ, രൂക്ഷമായ തൊഴിലില്ലായ്മ, വളര്‍ച്ചാ മുരടിപ്പ്, ആള്‍കൂട്ട കൊലകള്‍ തുടങ്ങിയ ജനകീയ – വികസന വിഷയങ്ങള്‍ രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയതിന്റെ സൂചന കൂടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

chandrika: