X
    Categories: indiaNews

കോവിഡ്; അതവാലെക്കൊപ്പം അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി വേദി പങ്കിട്ടു

മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച കേന്ദ്രമന്ത്രിയുമായ രാംദാസ് അതവാലെയും പങ്കെടുത്തിരുന്നു. എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നടി ചേര്‍ന്ന പാര്‍ട്ടി പ്രവേശന ചടങ്ങ് അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു. ഇന്നു രാവിലെയാണ് മന്ത്രിക്കു വൈറസ് ബാധ കണ്ടെത്തിയത്.

കോവിഡ് സ്ഥിരീകരിച്ച വിവരം അതവാലെ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ‘എന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മെഡിക്കല്‍ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഈ സമയത്തിനുള്ളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊറോണ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ആശങ്കവേണ്ട. നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന പരിപാടികള്‍ റദ്ദാക്കി’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെയാണ് നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതവാലെയുടെ സാന്നിധ്യത്തില്‍ നടന്ന അംഗത്വമെടുക്കല്‍ ചടങ്ങില്‍ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന പായല്‍ ഘോഷിനെ പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ ഉപാധ്യക്ഷയായി ഇവരെ നിയമിച്ചിട്ടുണ്ട്. സെപതംബര്‍ 20നാണ് പായല്‍ ഘോഷ്, കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നത്. സംഭവത്തില്‍ ഒക്ടോബര്‍ ഒന്നിന് വെര്‍സോവ പൊലീസ് സംവിധായകനെ ചോദ്യം ചെയ്തിരുന്നു. മുംബൈ പൊലീസ് കേസുമായി മുമ്പോട്ടു പോയിട്ടില്ലെങ്കില്‍ നിരാഹാരമിരിക്കുമെന്ന് നേരത്തെ അവര്‍ പറഞ്ഞിരുന്നു.

സംഘ്പരിവാര്‍ വിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കശ്യപിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉയരുന്നതിനിടെയായിരുന്നു നടിയുടെ പാര്‍്ട്ടി പ്രവേശനം. 2011ലാണ് അതവാലെയുടെ പാര്‍ട്ടി എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്നത്. മോദി മന്ത്രിസഭയിലെ സാമൂഹിക നീതി വകുപ്പ് സഹമമന്ത്രി കൂടിയായ അതവാലെയുടെ കൊറോണ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.

രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ഘട്ടത്തില്‍ അതവാലെയുടെ നേതൃത്വത്തില്‍ ‘ഗോ കൊറോണ ഗോ’ മുദ്രാവാക്യവുമായി ആര്‍പിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശപ്രകാരമുള്ള പാത്രംമുട്ടലും ഉണ്ടായത്. എന്നാല്‍ രാജ്യത്ത് കോവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനാണ് പിന്നീട് ജനങ്ങള്‍ സാക്ഷിയായത്.

chandrika: