X

വാക്സിനേഷന്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍.രാജ്യത്ത് ഇതുവരെ മൂന്നു ശതമാനത്തിനു മാത്രമേ വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇന്ത്യയിലെ വാക്സിനേഷന്‍ 2021ല്‍ തന്നെ പൂര്‍ത്തീകരിക്കും. വാക്സിനേഷന്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്ക് ആശങ്കകളുണ്ടെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്സിന്‍ വിതരണത്തില്‍ ശ്രദ്ധിക്കട്ടെ. അവിടങ്ങളില്‍ വാക്സിനേഷന്‍ താറുമാറാണ്. മെയ് ഒന്നു മുതല്‍ 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വിതരണം ചെയ്യാനുള്ള വാക്സിന്‍ അവര്‍ സ്വീകരിച്ചിട്ടുപോലുമില്ല, ജാവദേക്കര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടകള്‍ക്കെതിരായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ടൂള്‍കിറ്റ് പ്രചാരണമാണ് നടക്കുന്നതെന്ന് ജാവദേക്കര്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ കാണുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു- ടൂള്‍കിറ്റ് ഉണ്ടാക്കിയത് താങ്കള്‍ തന്നെയാണ്. അതിലെ ഭാഷാരീതി, യുക്തികള്‍, പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീതി തുടങ്ങിയവയെല്ലാം ഒരേ തരത്തിലുള്ളതാണ്, ജാവദേക്കര്‍ പറഞ്ഞു. നേരത്തെ ബി. ജെ.പി വക്താവ് സംബീത് പാത്ര ഇതേ ടൂള്‍കിറ്റ് ആരോപണം ഉന്നയിച്ച് വ്യാജ യൂത്ത് കോണ്‍ഗ്രസ് ലെറ്റര്‍പാഡ് പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ട്വിറ്റര്‍ ഇത് വ്യാജ പോസ്റ്റാണെന്ന് മാര്‍ക്ക് ചെയ്തത് ബി. ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനും വലിയ നാണക്കേടായിരുന്നു.
ബി.ജെ.പി കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോണ്‍ഗ്രസ് കേസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ ആരോപണം ഇപ്പോഴും തുടരുകയാണ് ജാവദേക്കര്‍.

web desk 3: