X

മുഖ്യമന്ത്രിയുടെ ചികിത്സക്ക് 29.82 ലക്ഷം; തുക അനുവദിച്ച ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് 29.82 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് റദ്ദാക്കി. ചികിത്സക്ക് ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ച് തരാന്‍ മാര്‍ച്ച് 30ന് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. തുകയനുവദിച്ച് ഈ മാസം13ന്.

എന്നാല്‍ പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതാ പിഴവുണ്ടെന്നു ചൂണ്ടികാട്ടിയാണ് റദ്ദാക്കല്‍. ശനിയാഴ്ചയാണ് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗത്തില്‍ നിന്നും ഉത്തരവ് റദ്ദ് ചെയ്ത ഓര്‍ഡര്‍ ഇറങ്ങിയത്. ഇതുമൂലം അമേരിക്കന്‍ ചികിത്സയുടെ പണം മുഖ്യമന്ത്രിക്ക് കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഇനി പുതിയ അപേക്ഷ സമര്‍പ്പിച്ച് പുതുക്കി ഉത്തരവിറക്കുന്നതുവരെ കാത്തിരിക്കണം. തുടര്‍ പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ അധികമായോ തുക നല്‍കിയതായി കണ്ടാല്‍ തിരിച്ചടക്കേണ്ടി വരുമെന്ന് പണമനുവദിച്ച ഉത്തരവില്‍ എഴുതിയിരുന്നു. ഇത് സ്വാഭാവികമാണ്.

എന്നാല്‍ പിന്നാലെയാണ് തുകയനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. മുന്‍ ഉത്തരവില്‍ വസ്തുതാപരമായ പിഴവുണ്ടെന്നാണ് വിശദീകരണം. സാധാരണ ഉദ്യോഗസ്ഥര്‍ക്ക് ചികിത്സാ തുക നല്‍കുമ്പോള്‍ ഉത്തരവില്‍ ഉണ്ടാകുന്ന വാചകങ്ങള്‍ മുഖ്യമന്ത്രിക്കും പണം അനുവദിക്കുന്നതിലും എത്തിയതാണ് റദ്ദാക്കാനുള്ള കാരണം. ആദ്യ അപേക്ഷ മുഖ്യമന്ത്രി നേരിട്ടാണ് നല്‍കിയിരുന്നത്. ഈ അപേക്ഷയില്‍ അധിക തുക വാങ്ങിയത് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് നിഷ്‌കര്‍ഷിച്ചതാണ് പിഴവായതെന്നാണ് അനുമാനം.

പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കുന്നതിന് മുഖ്യമന്ത്രിക്ക് പകരം പ്രൈവറ്റ് സെക്രട്ടറി പുതിയ അപേക്ഷ സമര്‍പ്പിക്കും. പിന്നീട് തുക നല്‍കാനായി പുതിയ ഉത്തരവിറക്കും. 29,82,039 രൂപയാണ് മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രക്കായി ചെലവായത്. ക്രമപ്രകാരമല്ലാതെയും മുഖ്യമന്ത്രി പണം വാങ്ങാമെന്ന ദുസൂചന ഉത്തരവിലുണ്ടെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

Test User: