X

കോവിഡ് കാലത്ത് ഇന്ത്യയില്‍ ജീവനൊടുക്കിയത് 35,950 വിദ്യാര്‍ത്ഥികള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ഇന്ത്യയില്‍ ജീവനൊടുക്കിയത് 35,950 വിദ്യാര്‍ത്ഥികള്‍. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2019-നും 2021-നും ഇടയില്‍ 35,950 വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തതായി കേന്ദ്ര സാമൂഹികനീതി ശാക്തീകരണ സഹമന്ത്രി അബ്ബയ്യ നാരായണസ്വാമി പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഈ കാലയളവില്‍ ഓരോ വര്‍ഷവും ആത്മഹത്യകളുടെ എണ്ണം വര്‍ധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ തേടിയുള്ള ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. 2019-ല്‍ 10,335 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. 2020-ല്‍ 12,526 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയപ്പോള്‍ 2021-ല്‍ ആത്മഹത്യയില്‍ അഭയം തേടിയത് 13,089 വിദ്യാര്‍ത്ഥികളാണ്.

കേരളത്തില്‍ യഥാക്രമം 2019, 2020, 2021 വര്‍ഷങ്ങളില്‍ 418, 468, 497 വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. വിദ്യാര്‍ത്ഥി ആത്മഹത്യയില്‍ മുന്നില്‍ മഹാരാഷ്ട്ര(4969)യാണ്. മിസോറ(25)മിലാണ് കുറവ്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ഡല്‍ഹിയിലാണ് (854) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ. ഒരു ആത്മഹത്യപോലും റിപ്പോര്‍ട്ടുചെയ്യാത്ത ലക്ഷദ്വീപ് മാതൃകയാണ്.

സാമൂഹികവിവേചനം തടയാൻ രാജ്യത്ത് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന ചോദ്യത്തിന് ഉന്നതവിദ്യാഭ്യാസവകുപ്പ് കൗണ്‍സിലിങ് സെല്ലുകള്‍, എസ്.സി./എസ്.ടി. വിദ്യാര്‍ഥികളുടെ സെല്ലുകള്‍ തുടങ്ങി വിവിധ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്ന് നാരായണസ്വാമി പറഞ്ഞു. എസ്.സി., എസ്.ടി., ഒ.ബി.സി. വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച്‌ വിവരമില്ലെന്ന് ഡോ. ആലോക് സമുന്റെ ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

webdesk14: