X

ഒമാന്‍ കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം; ആശങ്ക ജനകമെന്ന് ഇറാന്‍

ദുബൈ: യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാല് ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം. സഊദി അറേബ്യയുടേതടക്കം നാല് എണ്ണ കപ്പലുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. സഊദിയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് കനത്ത നാശമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലൂടെയുള്ള ചരക്കു നീക്കം അട്ടിമറിക്കാന്‍ ശ്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന യുഎസിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് അട്ടിമറി. ഞായറാഴ്ചയാണ് സംഭവം നടന്നത്.
പ്രാദേശിക സമയം രാവിലെ ആറിന് യുഎഇയുടെ അധികാര പരിധിയില്‍ വരുന്ന ഗള്‍ഫ് ഓഫ് ഒമാന്‍ കടലിടുക്കില്‍ വച്ചാണ് ആക്രമണം നടന്നത്. ഫുജൈറ തുറമുഖത്തു നിന്നും ഏറെ അകലെയല്ലാത്തതാണ് ഈ കടലിടുക്ക്. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ യുഎഇ പുറത്തു വിട്ടിട്ടില്ല. നാല് ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നതായി യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ അപകടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇന്ധന ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഫുജൈറ തുറമുഖത്ത് അഗ്നിബാധയും സ്‌ഫോടനവും നടന്നെന്ന ആരോപണവും മന്ത്രാലയം തള്ളിക്കളഞ്ഞു.
സഊദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടന്നതായും തകരാര്‍ സംഭവിച്ചതായും സഊദി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. റാസ് തനൂരയില്‍ നിന്നും ഇന്ധനം നിറച്ച ടാങ്കറുകള്‍ യുഎസിന് കൈമാറാന്‍ പോകുകയായിരുന്നു എന്നും ഏജന്‍സി വ്യക്തമാക്കി.

ആക്രമണത്തില്‍ രണ്ട് കപ്പലിന് തുളവീണിട്ടുണ്ട്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും കപ്പലുകള്‍ക്ക് സാരമായ നാശം സംഭവിച്ചെന്നും സഊദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിദ് വ്യക്തമാക്കി. യുഎഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണം ആശങ്ക ജനകമാണെന്ന് ഇറാന്‍ ആരോപിച്ചു. സമഗ്ര അന്വേഷണം വേണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസി ആക്രമണത്തെ അപലപിച്ചു. മേഖലയില്‍ ആശങ്കയും അസ്ഥിരതയും വളര്‍ത്താനുള്ള ശ്രമമാണെന്നും ജിസിസി കുറ്റപ്പെടുത്തി. ഇറാനുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് അമേരിക്ക ഗള്‍ഫ് മേഖലയില്‍ സൈനിക വിന്യാസം നടത്തിയിരിക്കുകയാണ്. ഇതോടെ ഈ മേഖല സംഘര്‍ഷഭരിതമാണ്.

chandrika: