X
    Categories: indiaNews

40 മണിക്കൂര്‍ ദൗത്യം; കടല്‍ക്കൊള്ളക്കാരില്‍ നിന്നും കപ്പല്‍ തിരിച്ചുപിടിച്ച് ഇന്ത്യന്‍ നാവിക സേന

സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയ എം വി റ്യുന്‍ കപ്പല്‍ ഇന്ത്യന്‍ നാവിക സേന തിരിച്ചുപിടിച്ചു. കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയ 17 കപ്പല്‍ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു. 40 മണിക്കൂര്‍ നീണ്ട കമാന്‍ഡോ നടപടിക്കൊടുവിലാണ് കടല്‍ക്കൊള്ളക്കാരെ ഇന്ത്യന്‍ നേവി കീഴ്‌പ്പെടുത്തിയത്.

സി 17 എയര്‍ക്രാഫ്റ്റില്‍ നിന്നും മറൈന്‍ കമാന്‍ഡോകള്‍ പാരഷൂട്ട് വഴി ഇറങ്ങിയായിരുന്നു ഓപ്പറേഷന്‍. കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കൊള്ളക്കാര്‍ നാവിക സേനക്ക് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാരും കീഴടങ്ങിയതായി നാവിക സേന അറിയിച്ചു.
റാഞ്ചിയ ചരക്കുകപ്പലായ റ്യൂനിനെ മറ്റ് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള ‘മദര്‍ പൈറേറ്റ് ഷിപ്പ്’ ആയി ഉപയോഗിക്കാനാണ് കടല്‍ക്കൊള്ളക്കാര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് സേനാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പിടിയിലായ 35 കടല്‍ക്കൊള്ളക്കാരെയും നാവിക സേന ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ്.
കടല്‍ക്കൊള്ളക്കാരെ ഇന്ത്യന്‍ നിയമത്തിനും മാരിടൈം ആന്റി പൈറസി ആക്ട് പ്രകാരവും വിചാരണ നടപടികള്‍ക്ക് വിധേയരാക്കുമെന്ന് നാവികസേന അറിയിച്ചു. 37,800 ടണ്‍ ചരക്കുമായി പോയ മാള്‍ട്ട കമ്പനിയുടെ കപ്പലാണ് സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്.

webdesk13: