X

40 ലക്ഷം പേരെ ഇന്ത്യക്കാരല്ലാതാക്കി അസമിലെ പൗരന്മാരുടെ പട്ടിക പുറത്ത്

അസമിലെ 40 ലക്ഷം പേരെ പുറത്താക്കി കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ പട്ടിക. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ അസമിലെ പൗരന്മാരുടെ ദേശീയ രജിസ്റ്ററിലാണ് (എന്‍ ആര്‍ സി )4041 ലക്ഷം പേര്‍ സാങ്കേതികമായി ഇന്ത്യക്കാരല്ലാതായത്. എന്നാല്‍ ഇത് ഒരു കരട് മാത്രമാണെന്നും അന്തിമ ലിസ്റ്റ് പിന്നീട് പുറത്തിറക്കുമെന്നും എന്‍ ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ സൈലേഷ് പറഞ്ഞു.

പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പിന്നീട് തടസവാദങ്ങളുന്നയിക്കാനവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 30 മുതല്‍ സപ്തംബര്‍ 28 വരെ ഇതിനുള്ള സമയമായിരിക്കുമെന്നും സൈലേഷ് പറഞ്ഞു.

അതിര്‍ത്തി സംസ്ഥാനമായ അസമില്‍ ബംഗ്ലാദേശില്‍ നിന്നും മറ്റ് അയല്‍രാജ്യങ്ങളില്‍ നിന്നും വ്യാപകമായ അനധികൃത കുടിയേറ്റങ്ങളുണ്ടെന്നും ഇത് വന്‍ പ്രത്യാഘാദങ്ങളുണ്ടാക്കുന്നുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇത്തരം അനധികൃത കുടിയേറ്റം തടയുന്നതിന് നിലവിലെ പൗരന്മാരുടെ കൃത്യമായ കണക്കുകള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയിലും ഇത് വ്യക്തമാക്കിയിരുന്നു. 3.2 കോടിയാണ് അസമിലെ ജനസഖ്യ എന്നു പറയുന്ന പട്ടിക 2.89 കോടി പേര്‍ മാത്രമാണ് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുള്ളവര്‍ എന്ന് വ്യക്തമാക്കുന്നു. പൗരന്‍മാരുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്ന ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനമാണ് അസം. തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശില്‍ നിന്നും മുസ്ലീങ്ങള്‍ അനധികൃതമായി കുടിയേറി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നുവെന്നും ഇത് ജനസംഖ്യാ സംതുലിതാവസ്ഥയെ തന്നെ അട്ടിമറിക്കുന്നുവെന്നുമാണ് ആരോപണം.

chandrika: