X

കുടിയേറ്റക്കാരെന്ന് ആരോപണം: അസമില്‍ 40 ലക്ഷം ആളുകള്‍ക്ക് പൗരത്വം നഷ്ടമായി

ഗുവാഹത്തി: കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് അസ്സമില്‍ 40 ലക്ഷം ആളുകളെ ഇന്ത്യന്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കി. നാഷണല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍ പുറത്തിറക്കിയ അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയിലാണ് 40 ലക്ഷം പേര്‍ പുറത്തായത്. 2.89 കോടി ആളുകള്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയത്. സംസ്ഥാനത്തെ മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പുതിയ പട്ടിക പുറത്തിറക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ആളുകളെ പട്ടികയില്‍ നിന്ന് പുറത്താക്കിയത്. തെളിവിനുവേണ്ടി ഹാജരാക്കേണ്ട രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തങ്ങളെ പട്ടികയില്‍ നിന്ന് പുറത്താക്കിയെന്ന് അസ്സം സ്വദേശികള്‍ പറഞ്ഞു. പലരുടെയും താല്‍ക്കാലിക മേല്‍വിലാസത്തിലേക്കാണ് പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ അയച്ചത്.

3.29 കോടി ആളുകളില്‍ 2.89 കോടി ആളുകള്‍ മാത്രമാണ് ഇടം നേടിയത്. ഇതിന്റെ പേരുവിവരങ്ങള്‍ ഇന്നു പത്തു മണിയോടെ പുറത്തുവിട്ടപ്പോഴാണ് 40 ലക്ഷം പേര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ നിലവില്‍ നാടുകടത്തല്‍ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് നാഷണല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍ അധികാരികള്‍ പറഞ്ഞു.

വിദേശികള്‍ക്കുള്ള കോടതികള്‍ക്കു മുന്നില്‍ ഹാജരാക്കുകയോ തടവിലാക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തരവകുപ്പിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സത്യേന്ദ്ര ഗാര്‍ഗ് പറഞ്ഞു. 1971ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവര്‍ക്കാണ് പൗരത്വ രജിസ്‌ട്രേഷന്‍ പട്ടിക പ്രതികൂലമായി ബാധിക്കുകയെന്ന് സത്യേന്ദ്ര ഗാര്‍ഗ് പറഞ്ഞു. 2017 ഡിസംബര്‍ 31നാണ് അസമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ ആദ്യ കരട് പട്ടിക പുറത്തുവിട്ടിരുന്നത്. ഈ പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ മാത്രമാണ് ഇടം പിടിച്ചത്. അവശേഷിക്കുന്ന ഒന്നര കോടിയില്‍ 40 ലക്ഷം രണ്ടാംഘട്ടത്തില്‍ പുറത്താവുകയായിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥിതി നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് 22,000ത്തോളം പാരാമിലിട്ടറി ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കീഴില്‍ വ്യത്യസ്ത മേഖലകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ സന്ദേശം പ്രചരിക്കാതിരിക്കുന്നതിന് പ്രത്യേകമായി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അയല്‍ സംസ്ഥാനങ്ങളായ അരുണാചല്‍പ്രദേശിലും നാഗാലാന്റിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം, പട്ടിക അന്തിമമല്ലെന്നും രൂപരേഖ മാത്രമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുവദിച്ചിരുന്ന അവസാന തിയതി ജൂണ്‍ 30 ആയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ കനത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒരു മാസം കൂടി നീട്ടി നല്‍കുകയായിരുന്നു.

chandrika: