X

മാലേഗോണില്‍ ബി.ജെ.പിക്ക് 45 മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍

മുംബൈ: മുസ്‌ലിം വിരുദ്ധരെന്ന പ്രചാരണത്തെ തടുക്കാന്‍ പൊടിക്കൈകളുമായി ബി.ജെ.പി മഹാരാഷ്ട്ര ഘടകം. മലേഗോണ്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സീറ്റുകളിലും മുസ്‌ലിംകളെ സ്ഥാനാര്‍ത്ഥിയാക്കിയാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. ആകെയുള്ള 84 സീറ്റുകളില്‍ 77 ഇടങ്ങളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. ഇതില്‍ 45 പേരും മുസ്‌ലിം മതവിഭാഗത്തില്‍ നിന്നുള്ളവരാണ്. രാജ്യത്ത് എവിടെയും മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്രയും സീറ്റ് നല്‍കിയിട്ടില്ലെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ന്യൂനപക്ഷ പ്രാമുഖ്യമുള്ള നഗരങ്ങളിലും മോദി തരംഗം സൃഷ്ടിക്കാനാകുമോ എന്ന പരീക്ഷണം കൂടിയാണ് ബി.ജെ.പി ഇതിലൂടെ നടത്തുന്നത്. 2012 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 24 സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി നിര്‍ത്തിയെങ്കിലും ആരും ജയിച്ചില്ല. 12 പേര്‍ക്ക് കെട്ടിവെച്ച കാശും നഷ്ടമായിരുന്നു. അതേസമയം മലേഗോണ്‍ നഗര പരിധിയില്‍ വന്‍ സ്വാധീനമുള്ള കോണ്‍ഗ്രസ് 73 സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുന്നുണ്ട്. എന്‍.സി.പി-ജനതാദള്‍ (എസ്) സഖ്യം 66 സ്ഥാനാര്‍ത്ഥികളെയും മല്‍സരിപ്പിക്കും. അസദുദ്ദീന്‍ ഉവൈസി നയിക്കുന്ന ഓള്‍ ഇന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.എം) മല്‍സര രംഗത്തുണ്ട് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. 37 സീറ്റുകളിലാണ്് എ.ഐ.എം.എം ജനവിധി തേടുന്നത്. ശിവസേന 25 സ്ഥാനാര്‍ത്ഥികളെയും മല്‍സരിപ്പിക്കുന്നുണ്ട്.

chandrika: