X

എസ്.ബി.ടി-എസ്.ബി.ഐ ലയനം 47 ശതമാനം എസ്.ബി.ടി ഓഫീസുകള്‍ക്ക് പൂട്ട് വീഴും

ന്യൂഡല്‍ഹി: എസ്.ബി.ടി-എസ്.ബി.ഐ ലയനം ഏപ്രില്‍ ഒന്നിന് യാഥാര്‍ത്ഥ്യമാവുന്നതോടെ എസ്.ബി.ഐയുടെ 47 ശതമാനം അസോസിയേറ്റ് ബാങ്ക് ഓഫീസുകള്‍ക്കും താഴ് വീഴും. അസോസിയേറ്റ് ബാങ്കുകളുടെ അഞ്ച് ഹെഡ് ഓഫീസുകളില്‍ മൂന്നെണ്ണം അടച്ചു പൂട്ടും. 27 മേഖലാ ഓഫീസുകള്‍, 81 റീജ്യണല്‍ ഓഫീസുകള്‍, 11 നെറ്റ്‌വര്‍ക്ക് ഓഫീസുകള്‍ എന്നിവയും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എസ്.ബി. ഐ മാനേജിങ് ഡയരക്ടര്‍ ദിനേഷ് കുമാര്‍ ഖാര അറിയിച്ചു.

ഏപ്രില്‍ 24 മുതല്‍ ശാഖകള്‍, ഓഫീസുകള്‍ എന്നിവ പൂട്ടുന്നതിനായുള്ള നടപടികള്‍ ആരംഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂ ര്‍ എന്നിവയാണ് എസ്. ബി. ഐയില്‍ ലയിക്കുന്നത്. അഞ്ചു ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിക്കുന്നതോടെ എസ്.ബി.ഐയുടെ ആസ്തി 37 ലക്ഷം കോടിയായി വര്‍ധിക്കും. 50 കോടിയിലധികം ഉപഭോക്താക്കളാണ് എസ്.ബി.ഐക്കുണ്ടാവുക. 36 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് എസ്.ബി. ഐയുടെ ബാങ്കിങ് മേഖല. ഇന്ത്യക്ക് പുറത്ത് 191 ഓഫീസുകളാണ് എസ്.ബി.ഐക്കുള്ളത്.എസ്.ബി. ഐക്ക് രാജ്യത്ത് 550 ഓഫീസുകളും അസോസിയേറ്റ് ബാങ്കുകള്‍ക്ക് 259 ഓഫീസുകളുമാണുള്ളത്. ലയനത്തിനു ശേഷം ഇത് 687 ആയി നിജപ്പെടുത്താനാണ് തീരുമാനം. ഓഫീസുകള്‍ അടച്ചു പൂട്ടുന്നതോടെ 1107 തൊഴിലാളികളെ പുനര്‍വിന്യസിക്കേണ്ടി വരും.
മറ്റിടങ്ങളിലേക്ക് മാറാന്‍ താല്‍പര്യമില്ലാത്ത ജീവനക്കാര്‍ക്ക് വേണ്ടി വി.ആര്‍. എസ് (സ്വയം പിരിഞ്ഞു പോകാനുള്ള അവസരം) അസോസിയേറ്റ് ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.ബി.ഐയില്‍ ലയിക്കുന്നതിന്റെ ഭാഗമായി എസ്.ബി.ടി പുതിയ വായ്പകളൊന്നും നല്‍കുന്നില്ല. വായ്പകള്‍ക്കായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

chandrika: