X

മോദിയുടെ നടപടി കനത്ത പരാജയമെന്ന് സര്‍വേ

കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി കേന്ദ്ര സര്‍ക്കാറിന്റെ കനത്ത പരാജയമായെന്ന് ഓണ്‍ലൈന്‍ സര്‍വേ റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ പങ്കെടുത്ത 13.3 ശതമാനം ആളുകള്‍ മാത്രമാണ് മോദിയുടെ നടപടിയെ അനുകൂലിച്ച് പ്രതികരിച്ചത്. നാലു മണിക്കൂര്‍ നീണ്ടുനിന്ന സര്‍വേയില്‍ ഒന്നര ലക്ഷത്തോളം ആളുകളാണ്‌ പങ്കെടുത്തത്.

ചന്ദ്രിക ഓണ്‍ലൈന്‍ മീഡിയ ഫേസ്ബുക്ക് വഴി നവംബര്‍ 18 വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പാണ് നടപടിയിലെ പരാജയം തുറന്നുകാട്ടിയത്. “500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിലെ ആസൂത്രണത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിന് പിഴച്ചു എന്നു താങ്കള്‍ കരുതുന്നുണ്ടോ?” എന്നായിരുന്നു സര്‍വേ ആരാഞ്ഞത്. ‘ലൈക്ക്’ ഇമോജി കൊണ്ട് -അതെ എന്നും, ‘ലൗ’ ഇമോജി കൊണ്ട് -ഇല്ല എന്നും രേഖപ്പെടുത്താനായിരുന്നു വോട്ടെടുപ്പിലെ നിര്‍ദ്ദേശം.

നിശ്ചിത സമയത്തില്‍, വോട്ടെടുപ്പില്‍ പങ്കെടുത്ത 66.6 ശതമാനം (79,020 ആളുകള്‍) മോദി സര്‍ക്കാരിന്റെ ആസൂത്രണം പിഴച്ചതായി രേഖപ്പെടുത്തിയപ്പോള്‍ 13.3 ശതമാനം (15,847 ആളുകള്‍) മാത്രമാണ് മോദിയുടെ നടപടിയെ അനുകൂലിച്ച് പ്രതികരിച്ചത്.

1,013,466 പേരിലേക്ക് എത്തിയ സര്‍വേയോട്, നാലു മണിക്കൂറിനുള്ളില്‍ 1,40,905 പേരാണ് പ്രതികരിച്ചത്. ഇതില്‍ 1,18,543 ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

നടപടികള്‍ ജനങ്ങളുടെ നിത്യജീവിത്തില്‍ വലിയ ദുരിതമുണ്ടാക്കിയതായും സര്‍വേ വിലയിരുത്തി. നടപടി രാജ്യത്ത് കടുത്ത പ്രതിസന്ധി വരുത്തി എന്ന അഭിപ്രായമാണ് സര്‍വേ പങ്കുവച്ചത്.

അതേസമയം, സര്‍വേയോട് പ്രതികരിച്ച പലരും തങ്ങളുടെ അഭിപ്രയങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തി. സര്‍വേക്ക് 22,362 കമ്മന്റുകളാണ് ലഭിച്ചത്‌. ഇതില്‍ പലരും മോദി സര്‍ക്കാരിന്റെ നടപടിയോട് രൂക്ഷമായാണ് പ്രതികരിച്ചത്.

തീരുമാനം നല്ലതായിരുന്നെന്നും എന്നാല്‍ അതിന് സ്വീകരിച്ച നടപടികള്‍ തെറ്റിപ്പോയി എന്ന വിമര്‍ശനവും ഉയര്‍ന്നു.

ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്താത്തതും പുതുതായി ഇറക്കിയ 2000 രൂപ നോട്ടിന് ചില്ലറ ലഭിക്കാത്തതും ബാങ്കുകള്‍ക്കു മുന്നിലെ അവസാനിക്കാത്ത ക്യൂവും വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

രണ്ടായിരം രൂപ നോട്ട് അച്ചടിക്കുന്നതിനു പകരം അഞ്ഞൂറ് രൂപ പുതിയത് ഇറക്കിയാല്‍ ജനങ്ങള്‍ ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു എന്ന വിലയിരുത്തലുമുണ്ടായി.

തീരുമാനം പണ്ടത്തെ രാജഭരണം പോലെ ജനങ്ങളെ അടിച്ചേല്‍പ്പിക്കലായിപ്പോയി എന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ ആര്‍ബിഐ പരാജയപ്പെട്ടെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നല്‍കിയത്്.

എന്നാല്‍ പ്രഖ്യാപനത്തെ തുടര്‍ന്നു രാജ്യം അനുഭവിച്ച പ്രതിസന്ധിയെ മറികടക്കാന്‍ അടിസ്ഥാനപരമായൊന്നും മോദി സര്‍ക്കാറിന് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും രാജ്യം വന്‍ ഭീതിയലേക്കണ് നീങ്ങുന്നത്. അതിനിടെ നോട്ട് വിഷയത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം വീണ്ടും രൂക്ഷ വിമര്‍ശനമുയര്‍ത്തി.

chandrika: