X

എക്കാലത്തെയും ഭാഗ്യവാനായ ക്രിക്കറ്റർ ഇദ്ദേഹമാണ്…

ക്രീസിൽ പലരെയും ഭാഗ്യം കടാക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഭാഗ്യവാനായ ഒരു ക്രിക്കറ്ററുണ്ടാവുമോ..? സംശയമാണ്.. ഒരുപക്ഷെ, ക്രിക്കറ്റിലെ ഇതിഹാസമായി വളരാൻ അദ്ദേഹത്തെ തുണച്ചത് തന്നെ നിഴൽപോലെ പിന്തുടർന്ന ഭാഗ്യം തന്നെയാവണം.

1994ലെ ഇംഗ്ലണ്ട് ടീമിന്റെ വെസ്റ്റിൻഡീസ് പര്യടനത്തിലാണ് സംഭവം. 12ന് രണ്ട് എന്ന നിലയിൽ വിൻഡീസ് പതറുമ്പോഴാണ് ലാറ ക്രീസിലെത്തുന്നത്. ജിമ്മി ആഡംസിനെ കൂട്ടുപിടിച്ച് ലാറ വെസ്റ്റിന്ത്യൻ ഇന്നിങ്‌സ് പതിയെ മുന്നോട്ടുകൊണ്ടുപോയി. ശ്രദ്ധിച്ച് കളിച്ച ലാറ അർധശതകം തികച്ചത് 121 പന്തിൽ നിന്ന്. പിന്നീട് അക്രമണാത്മക ഇന്നിങ്‌സ്. അടുത്ത 60 പന്തുകളിൽ നിന്ന് സെഞ്ച്വറിയിലേക്ക് കുതിപ്പ്. കരിയറിൽ ലാറയുടെ മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്.

ജിമ്മി ആഡംസ് ഇടക്ക് പുറത്തായെങ്കിലും ആക്രമണം തുടർന്ന ലാറ അടുത്ത 131 പന്തുകളിൽ നിന്ന് ഡബിൾ സെഞ്ച്വറിയിലുമെത്തി. ഗാലറിയിൽ ആരാധകരുടെ പ്രാർത്ഥന ലാറ 300ലെത്തുമോ എന്നതായിരുന്നു. നേരത്തെ, ഓസീസിനെതിരെ 277 ൽ പുറത്തായിരുന്നു അദ്ദേഹം. ആരാധകർ ഭയന്നതും അതുതന്നെയായിരുന്നു.

എന്നാൽ ശിവനാരായൺ ചന്ദർപോളിനെ കൂട്ടുപിടിച്ച് ലാറ കന്നി ട്രിപ്പിൾ തികക്കുക തന്നെ ചെയ്തു. 432 പന്തുകളിൽ നിന്നായിരുന്നു ആ റെക്കോർഡ് നേട്ടം. ഗാരി സോബേർസിന്റെ 364 റെക്കോർഡിലേക്ക് ലാറയെത്തുമോ എന്നായി ക്രിക്കറ്റ് ലോകത്തിന്റെ പ്രാർത്ഥന. അങ്ങനെയായാൽ ടെസ്റ്റ് ക്രി്ക്കറ്റിലെ എക്കാലത്തെയും മികച്ച റൺസ്‌കോററെന്ന നേട്ടമാണ് കാത്തിരിക്കുന്നത്.

സാഹചര്യത്തിന്റെ സമ്മർദം ലാറയെയും കീഴടക്കിയെന്ന് അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രകടനം സാക്ഷ്യം. വളരെ ശ്രദ്ധയോടെ കളിച്ച അദ്ദേഹം അടുത്ത അർധസെഞ്ച്വറിക്ക് അദ്ദേഹം എടുത്തത് 79 പന്തുകളാണ്. 347 എന്ന റൺസിൽ മാത്രം 20 മിനിറ്റോളമാണ് അദ്ദേഹം ചെലവഴിച്ചത്. 511 പന്തുകളിലാണ് 350 തികച്ചത്.

റെക്കോർഡിനോടടുക്കം തോറും ഗാലറിയിലും ലാറയുടെ ശരീര ഭാഷയിലും സമ്മർദമേറിത്തുടങ്ങി. എന്നാൽ കീഴടങ്ങാൻ കൂട്ടാക്കാത്ത ലാറ സമ്മർദത്തെ അതിജീവിക്കുക തന്നെ ചെയ്തു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ഒരു കവർ ഡ്രൈവ് ഷോട്ടിലൂടെ സോബേർസിന്റെ റെക്കോർഡിനൊപ്പം ലാറയെത്തി. ഇനി വേണ്ടത് ഒരു റൺസ്. ഇംഗ്ലണ്ട് 30 വാര സർക്കിളിൽ ഫീൽഡൊരുക്കി കെണിയൊരുക്കി.

എന്നാൽ ക്രിസ് ലൂയിസിന്റെ ഉയർന്ന് വന്ന പന്ത് ലാറ സ്‌ക്വയർ ലെഗ് ബൗണ്ടറിയിലേക്ക് ഉയർത്തിയടിച്ച് റെക്കോർഡ് സ്വന്തം പേരിലാക്കി. ആവേശഭരിതരായ ആരാധകർ ആവേശം അണപൊട്ടി ക്രീസിലേക്ക് ഓടിയെത്തി ലാറയെ എടുത്തുയർത്തി.

പക്ഷെ, ഇവിടെ എന്ത് ഭാഗ്യമാണ് അദ്ദേഹത്തെ കടാക്ഷിച്ചത്. നിങ്ങൾ ചോദിക്കുമെന്നുറപ്പ്?

364ൽ നിന്ന് ബാക്ക് ഫൂട്ടിൽ നിന്നാണ് ലാറ പുൾഷോട്ട് കളിച്ചത്. അതിനിടയിൽ അദ്ദേഹത്തിന്റെ കാൽ സ്റ്റംപുകളിൽ തട്ടിയിരുന്നു. ഒരു ബെയ്ൽ വായുവിലുയർന്ന് അത്ഭുതകരമെന്നോണം സ്റ്റംപുകളിൽ തന്നെ വീണു! ഇതിഹാസ പിറവിക്ക് കാരണമായ ഇന്നിങ്‌സ്.
പിന്നീട് ഇന്നിങ്‌സ് തുടർന്ന ലാറ 375 റൺസിലാണ് പുറത്തായത്.

Web Desk: