X
    Categories: indiaNews

കര്‍ണാടകയില്‍ പത്താംതരം പരീക്ഷ എഴുതാന്‍ 75 ശതമാനം ഹാജര്‍ നിര്‍ബന്ധം

ശരീഫ് കരിപ്പൊടി
കാസര്‍കോട്

പത്താംതരം പരീക്ഷയ്ക്കിരിക്കാന്‍ ഇനി 75 ശതമാനം ഹാജര്‍ വേണം. പുതിയ അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് 75ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കി കര്‍ണാടക സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്.കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ നിര്‍ബന്ധിത ഹാജര്‍ സിസ്റ്റത്തിന് ഇളവു നല്‍കിയിരുന്നു. കര്‍ണാടക സെക്കന്ററി എജ്യുക്കേഷന്‍ എക്സാമിനേഷന്‍ ബോര്‍ഡ് (കെഎസ്ഇഇബി) ആക്ട്-1966, ചട്ടം 37 എന്നിവ പ്രകാരം എസ്.എസ്.എല്‍.സി പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് 75ശതമാനം ഹാജര്‍ നിര്‍ബന്ധമാണ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020-21 അധ്യയന വര്‍ഷം പത്താംതരം പരീക്ഷകള്‍ക്ക് നിര്‍ബന്ധിത ഹാജര്‍ ഉണ്ടായിരുന്നില്ല. 2021-22 അധ്യയന വര്‍ഷത്തിലും കോവിഡ് വ്യാപനം തുടര്‍ന്നതിനാല്‍ സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫിസിക്കല്‍ ക്ലാസ് ഹാജര്‍ ഒഴിവാക്കുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉത്തരവിടുകയും ചെയ്തു. എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ഹാജരില്‍ നിന്ന് കെ.എസ്.ഇ.ഇ.ബി ചില ഇളവ് നല്‍കിയിരുന്നു. പ്രത്യേക സാഹചര്യത്തില്‍ നല്‍കിയ ഇളവാണ് വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം മുതല്‍ പിന്‍വലിച്ചിരിക്കുന്നത്. കോവിഡ് ഭീഷണി മാറിയതിനെ തുടര്‍ന്ന് 2022-23 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തുടനീളം ഓണ്‍ലൈന്‍ ക്ലാസുകള്‍ പിന്‍വലിക്കുകയും ഓഫ് ലൈനിലേക്ക് മാറുകയും ചെയ്തു. എല്ലാ സ്‌കൂളുകളില്‍ മുഴുവന്‍ ഫിസിക്കല്‍ ക്ലാസുകളും നടത്തുന്നുണ്ട്. ഇതേതുടര്‍ന്നാണ് 75ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കിയതെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Chandrika Web: