X

ജാമ്യം കഴിഞ്ഞു; ഉമര്‍ ഖാലിദ് തിരികെ തിഹാര്‍ ജയിലിലേക്ക്

ഡല്‍ഹി കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ഉമര്‍ ഖാലിദ് തിഹാര്‍ ജയിലിലേക്ക് മടങ്ങി. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 23ന് ഡല്‍ഹി കോടതിയുടെ ഉത്തരവ് പ്രകാരം ഏഴ് ദിവസത്തേക്ക് ഖാലിദിനെ ജയില്‍ മോചിതനാക്കിയിരുന്നു. ഡിസംബര്‍ 30ന് കീഴടങ്ങാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഉമര്‍ ഖാലിദിന്റെ പിതാവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം മകന്‍ ജയിലിലേക്ക് മടങ്ങിയെന്ന് അദ്ദേഹം അറിയിച്ചു.

2020ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപക്കേസിലെ പ്രതിയായാണ് ആക്ടിവിസ്റ്റും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. മാധ്യമങ്ങളുമായി സംവദിക്കുകയോ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഉമര്‍ ഖാലിദിനോട് കോടതി വിലക്കിയിരുന്നു. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 53 പേര്‍ കൊല്ലപ്പെടുകയും, 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്മാരെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ യുഎപിഎ നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ചുമത്തി കേസെടുത്തത്.

webdesk13: