X

അമരത്തേക്ക് വീണ്ടും രാഹുല്‍; സൂചന നല്‍കി സുര്‍ജേവാല

ന്യൂഡല്‍ഹി: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവരുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. 99.9 ശതമാനം കോണ്‍ഗ്രസുകാരും അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ വരണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ ഉടന്‍ തുടങ്ങുമെന്നും സുര്‍ജേവാല പറഞ്ഞു. എ.ഐ.സി.സി അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രക്രിയയില്‍ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപടിക്രമങ്ങളുടെ ഭാഗമായി മുതിര്‍ന്ന നേതാക്കളുമായുള്ള സോണിയാ ഗാന്ധിയുടെ കൂടിക്കാഴ്ച ശനിയാഴ്ച ആരംഭിക്കും. പത്തു ദിവസം കൂടിക്കാഴ്ച തുടരും.

നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തെഴുതിയ 23 നേതാക്കളെയും സോണിയ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളം, ബംഗാള്‍, അസം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ അതിന് മുന്‍പ് അധ്യക്ഷനെ തീരുമാനിക്കാനാണ് സാധ്യത.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം രാജിവച്ചിരുന്നത്. നേതാക്കള്‍ പല തവണ അദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് വരാന്‍ നിര്‍ബന്ധിച്ചെങ്കിലും ഇല്ല എന്ന നിലപാടിലാണ് അദ്ദേഹം.

Test User: