X

ഫേസ്ബൂക്കിലൂടെ സൗഹൃദം സ്ഥാപിച്ച് 21 ലക്ഷം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയില്‍

ഫേസ്ബൂക്കിലൂടെ സൗഹൃദമുണ്ടാക്കി കൂറ്റനാട് സ്വദേശിയില്‍ നിന്നു 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശിയെ സൈബര്‍ പോലീസ് അതിസാഹസികമായി ന്യൂഡല്‍ഹിയില്‍ പിടികൂടി. വ്യാജ പണമിടപാടുകള്‍ക്കു ഡൊമൈനുകള്‍ സംഘടിപ്പിച്ചു നല്‍കുന്ന റെയ്മണ്ട് ഒനിയാമ (35) ആണ് അറസ്റ്റിലായത്.

അമേരിക്കയിലെ ടെക്‌സാസില്‍ ഡോക്ടറാണെന്നു പറഞ്ഞാണു കൂറ്റനാട്ടെ കോളജ് അധ്യാപകനുമായി ഇയാള്‍ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യണമെന്നും കേരളത്തില്‍ താമസിക്കണമെന്നും ഇതിനായി ഒരുനാള്‍ ‘സര്‍പ്രൈസായി’ വരുമെന്നും പറഞ്ഞു. ഇതിനിടെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നാണെന്നു പറഞ്ഞു കൂറ്റനാട് സ്വദേശിക്കു ഫോണ്‍ വന്നു. ഏകദേശം രണ്ടുകോടി ഇന്ത്യന്‍ രൂപ മതിപ്പുള്ള ഡോളറുമായി താങ്കളുടെ അമേരിക്കക്കാരന്‍ സുഹൃത്ത് ഇവിടെയുണ്ടെന്നും ഡോളര്‍ കൊണ്ടുവന്നതിനാല്‍ ഫൈന്‍, നികുതി എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് 21 ലക്ഷത്തോളംരൂപ ആവശ്യമുണ്ടെന്ന് പറഞ്ഞ് തുക ഓണ്‍ലൈനായി തട്ടിയെടുത്തു. സുഹൃത്തിനു വേണ്ടി കയ്യിലുള്ളതും കടം വാങ്ങിയും കൂറ്റനാട് സ്വദേശി പണം അയച്ചു.

കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, ക്ലിയറന്‍സ് ഫീസ് എന്നു മാത്രമല്ല ആന്റി ടെററിസ്റ്റ് ഫീസ് എന്ന പേരില്‍വരെ 21.65 ലക്ഷം രൂപ അയച്ചപ്പോഴാണു കൂറ്റനാട് സ്വദേശിക്കു കബളിക്കപ്പെട്ടതായി മനസ്സിലായത്. ഇതോടെ, സൈബര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇയാള്‍ ന്യൂഡല്‍ഹിയിലെ നൈബ് സെറായ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടെന്നു മനസ്സിലാക്കി. അവിടെ ഒരു വീട്ടില്‍ ഒരു സ്ത്രീക്കൊപ്പം താമസിച്ചിരുന്ന ഇയാളെ ഡല്‍ഹി പോലീസിന്റെ സഹായത്തോടെ സാഹസികമായി കീഴടക്കുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ഐ.പ്രതാപ്, എഎസ്‌ഐ യു.അബ്ദുല്‍ സലാം, സിവില്‍ പോലീസ് ഓഫിസര്‍മാരായ എം.മനേഷ്, ജി.അനൂപ് എന്നിവരാണ് ഡല്‍ഹിയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

 

web desk 3: