X

ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം

ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.

സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.

എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.

webdesk13: