X

‘വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ടയാള്‍’; സിപിഎം അമരത്തേക്ക് എ വിജയരാഘവന്‍

തിരുവനന്തപുരം: മുസ്‌ലിം-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ട ഒരു നേതാവിനെയാണ് സിപിഎം പുതിയ പാര്‍ട്ടി സെക്രട്ടറിയായി അവരോധിക്കുന്നത്. വിശേഷിച്ചും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുമ്പില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍. തീവ്ര വലതുപക്ഷവുമായി സിപിഎം രഞ്ജിപ്പിലെത്തുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് എ വിജയരാഘവനെ പോലെ മുസ്‌ലിം വിരുദ്ധനായ ഒരാള്‍ ആ പാര്‍ട്ടിയുടെ സാരഥിയായി മാറുന്നത്.

കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ കൊണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് വിജയരാഘവന്‍. 2018 ല്‍ ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവര്‍ മുസ്‌ലിം തീവ്രവാദികളാണെന്ന് എ വിജയരാഘവന്‍ പറഞ്ഞിരുന്നു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് വിജയരാഘവന്റെ വിവാദ പ്രസ്താവന. തീവ്രവാദികളെ മുസ്‌ലിം ലീഗ് മുന്നില്‍ നിര്‍ത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചിരുന്നു. നേരത്തെ ഗെയില്‍ സമരം നടക്കുമ്പോഴും സമരം ചെയ്യുന്നത് മുസ്‌ലിം തീവ്രവാദികളാണെന്ന് വിജയരാഘവന്‍ പ്രസ്താവന നടത്തിയിരുന്നു.

മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞിരുന്നു. ‘മുസ്‌ലിം ലീഗാണ് മുന്‍കൈ എടുക്കുന്നത്. തീവ്രമായ വര്‍ഗീവത്ക്കരണം നടത്തുക എന്ന ഒരു രീതി ഇപ്പോള്‍ നടപ്പിലാക്കുകയാണ്. അപ്പോള്‍ ബോധപൂര്‍വം തെറ്റായ പ്രചരണം നടത്തി മതഏകീകരണമുണ്ടാക്കാന്‍ ശ്രമിച്ച് തീവ്രവര്‍ഗീയതയുടെ മുദ്രാവാക്യങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാനാണ് ലീഗ് ഇക്കാര്യത്തില്‍ ശ്രമിക്കുന്നത്’- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അതോടൊപ്പം, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നിലവിലെ ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശ നടത്തിയ ആളാണ് എ വിജയരാഘവന്‍. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊന്നാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് രമ്യയെ അധിക്ഷേപിച്ച് വിജയരാഘവന്‍ സംസാരിച്ചത്. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെ രമ്യ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിജയരാഘവന്റെ അപകീര്‍ത്തി പരാമര്‍ശം.

 

 

 

 

 

web desk 3: