X

കരുവാരകുണ്ട് വട്ടമല വ്യൂ പോയിന്റിൽ നിന്ന് കാൽ വഴുതി താഴ്ച്ചയിലേക്ക് വീണ് യുവാവിന് പരിക്ക്

കരുവാരക്കുണ്ട് വട്ടമല വ്യൂ പോയിന്റിൽ ഫോട്ടോ എടുക്കുന്നതിനിടെ താഴ്ചയിലേക്കുവീണ് വിദ്യാർഥിക്ക് പരിക്കേറ്റു. കരുവാരക്കുണ്ട് മുരിക്കാട്ട് ഷിജു തോമസിൻ്റെ മകൻ മെൽവിൻ ടോം ഷിജു (20) വിനാണ് പരിക്കേറ്റത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് മെൽവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്. മെൽവിന്റെ നിലവിളി കേട്ട രണ്ടുപേരാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

ഇന്നലെ വൈകീട്ട് ആറോടെയാണ് അപകടം. മലയുടെ മുകളിൽനിന്ന് താഴ്വാരത്തേക്കു മനോഹരമായ കാഴ്ചയാണ്. വൈകുന്നേരങ്ങളിൽ താഴ്വാരങ്ങളിൽ വിളക്കുതെളിയുന്നതടക്കം ഏറെ ദൂരത്തുള്ള കാഴ്‌ചകാണാൻ കഴിയും. അംഗീകൃത വിനോദസഞ്ചാരകേന്ദ്രം അല്ലാത്തതിനാലും ആന, കടുവ തുടങ്ങിയ വന്യജീവി ഭീഷണിയുള്ളതിനാലും വൈകുന്നേരങ്ങളിൽ അധികമാരും വട്ടമലയിൽ പോകാറില്ല. ബെംഗളൂരുവിൽ നഴ്‌സിങ് രണ്ടാംവർഷ വിദ്യാർഥിയായ മെൽവിൻ ക്രിസ്മസ് അവധിക്ക് നാട്ടിൽവന്നതാണ്. തനിച്ചാണ് വട്ടമല വ്യൂ പോയിൻ്റിലേക്കുപോയത്.

ഉയരംകൂടിയ പാറപ്പുറത്തുനിന്ന് ഫോട്ടോ എടുക്കുന്നതിനിടെ തലചുറ്റലുണ്ടായി നൂറടിയിലേറെ താഴ്ചയുള്ള ഭാഗത്തേക്കു വീഴുകയാണുണ്ടായത്. വിവരമറിഞ്ഞെത്തിയ കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ താഴ്ചയിലിറങ്ങി മെൽവിന് സംരക്ഷണമൊരുക്കി.

നാട്ടുകാരും ട്രോമാകെയറും ചുമലിലേറ്റിയാണ് പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ മെൽവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി.

 

webdesk14: