X

മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു, ജനങ്ങള്‍ കൂട്ടമായി സംഘടിക്കുന്നതിന് വിലക്ക്: നിയന്ത്രണങ്ങള്‍ക്കിടയിലും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള ഉറച്ച തീരുമാനത്തില്‍ ആം ആദ്മി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്താനിരിക്കേ, നഗരത്തിലെ അഞ്ചു പ്രധാന മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു. പൊലീസ് നിര്‍ദ്ദേശ പകാരമാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താനുള്ള അനുമതി തേടിയിട്ടില്ലെന്നും ജനവാസകേന്ദ്രങ്ങളില്‍ വലിയ കൂട്ടമായി സംഘടിക്കുന്നതിന് നിയമപരമായ വിലക്കുണ്ടെന്നും ഡല്‍ഹി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കല്യാണ്‍ മാര്‍ഗ് സ്റ്റേഷന്റെ പ്രവേശനകവാടങ്ങള്‍ രാവിലെ 12 മണി മുതല്‍ അടച്ചിട്ടിരിക്കുകയാണ്്. ഉച്ച രണ്ടു മണി മുതല്‍ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ജനപഥ് എന്നീ സ്റ്റേഷനുകളും അടച്ചിട്ടും. ഡല്‍ഹി സര്‍ക്കാറിനോടുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി കെജ്രിവാള്‍ ഗവര്‍ണറുടെ വസതിയായ രാജ്നിവാസില്‍ കഴിഞ്ഞ ആറു ദിവസമായി കുത്തിയിരിപ്പു സമരം ചെയ്യുകയാണ്. ഇതിന്റെ ഭാഗമായാണ് മാണ്ഡി ഹൗസ് മെട്രോ സ്റ്റേഷനടുത്തുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

അതേസമയം മെട്രോ അടക്കമുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള ഉറച്ച തീരുമാനത്തിലാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍. നാലു മണിയോടു കൂടി മണ്ഡി ഹൗസില്‍ നിന്നും തുടങ്ങുന്ന മാര്‍ച്ച് ലോക് കല്യാണ്‍ മാര്‍ഗിലുള്ള മോദിയുടെ വസതിയില്‍ ഏഴു മണിയോടെ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗവര്‍ണറുടെ വസതിയില്‍ ആറു ദിവസമായി കുത്തിയിരിപ്പു സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു പിന്തുണയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡല്‍ഹിയിലെ കെജ്രവാളിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ് എന്നീ മന്ത്രിമാരും കെജരിവാളിനൊപ്പം കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്.

chandrika: