X
    Categories: indiaNews

ഒഡീഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ 200 കടന്നു; പരിക്കേറ്റവരില്‍ 4 തൃശൂര്‍ സ്വദേശികളും

ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ 200 ലധികം പേര്‍ മരിച്ചതായി വിവരം. രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വെള്ളി രാത്രി ഏഴരയോടെ ദുരന്തത്തില്‍ മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയതിന് പിറകെ അതിലേക്ക് രണ്ട് യാത്രാ ട്രെയിനുകള്‍ വന്ന് കൂട്ടിയിടിച്ച് ഒന്നിനൊന്ന് മേലേക്ക് മറിയുകയായിരുന്നു. കനത്ത ആഘാതത്തില്‍ ബോഗികള്‍ ചിതറിത്തകര്‍ന്നു. 300 ലധികം പേര്‍ക്ക് പരിക്കുണ്ട്. പലരെയും ബാലസോറിലെയും സമീപപ്രദേശങ്ങളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും സംഭവസ്ഥലത്തെത്തി.
കോറമോണ്ടല്‍ എക്‌സ്പ്രസും ഹൗറ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്.
തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അപടകത്തില്‍പെട്ടതായി വിവരമുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പത്തുലക്ഷം രൂപ വീതം മരിച്ചവരുടെ ആശ്രിതര്‍ക്കും രണ്ടുലക്ഷം വീതം പരിക്കേറ്റവര്‍ക്കും അനുവദിച്ചു. പ്രധാനമന്ത്രി മോദി നടുക്കം രേഖപ്പെടുത്തി.
അപകടത്തിന്റെ വിശദവിവരങ്ങള്‍ അറിവാകുന്നതേയുളളൂ. രാത്രിയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഹൗറ യശ്വന്ത്പൂര്‍ എക്‌സ്പ്രസാണ് പാളം തെറ്റിയതെന്നും അതിലേക്ക് ഗുഡ്‌സ് ട്രെയിനും മറ്റൊരു ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നുവെന്നും പറയുന്നു. നേരിട്ടുള്ള ഇടിയല്ല സംഭവിച്ചതെന്നാണ് റെയില്‍വെ പറയുന്നത്.
ഷാലിമാറില്‍നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസാണ് യശ്വന്ത്രപൂര്‍ ട്രെയിനില്‍ കൂട്ടിയിടിച്ചത്. ബാലസോറിനടുത്തുള്ള ബഹാനഗര്‍ സ്‌റ്റേഷനിലാണ് സംഭവം. പരിക്കേറ്റവര്‍ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് കേട്ടാല്‍ ഞെട്ടലുളവാക്കും. പലരുടെയും കാലുകള്‍ മുറിഞ്ഞുതൂങ്ങുന്നത് കണ്ടതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. രണ്ടുട്രെയിനുകളുടെയും 20 ലധികം ബോഗികളാണ് തകര്‍ന്നത്. ഇവയിലുണ്ടായിരുന്നവരെ പുറത്തെടുക്കാന്‍ തന്നെ മണിക്കൂറുകളെടുത്തു. രാത്രിയോടെ സ്ഥലത്ത് ആംബുലന്‍സുകളുടെയും വാഹനങ്ങളുടെയും പ്രവാഹമായിരുന്നു.
ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വെ മന്ത്രി അറിയിച്ചു. ഒഡീഷ ചീഫ് സെക്രട്ടറിയാണ് 200 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചത്.

Chandrika Web: