X

അഭിമന്യു വധം: കുത്തിയയാളെ തിരിച്ചറിഞ്ഞു; നാല് പേര്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഭിമന്യുവിനേയും അര്‍ജുനേയും കുത്തിയ ആളെയാണ് തിരിച്ചറിഞ്ഞത്.

അഭിമന്യുവിനെ കുത്തിയത് പ്രൊഫഷണല്‍ കൊലയാളിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിന് മാത്രം ഉപയോഗിക്കുന്ന കത്തികൊണ്ടുള്ള മുറിവ് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കിയതായും പൊലീസ് പറഞ്ഞു. ഹൃദയത്തിനേറ്റ മുറിവാണ് അഭിമന്യു തല്‍ക്ഷണം മരിക്കാന്‍ കാരണമായത്. പരിശീലനം കിട്ടിയ ഒരാള്‍ക്ക് മാത്രമേ ഇത്രയും കൃത്യതയോടെ മുറിവേല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കേസില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായ മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദ് കൂടി പ്രതികളില്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ പുറത്തു നിന്നുളളയാളാണ്. ഇയാള്‍ രാജ്യം വിടാതിരിക്കാനുളള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഫോണ്‍കോള്‍ രേഖകളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

അതേസമയം, അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കായി ആലപ്പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ കാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും സഹായം ചെയ്തതായി പൊലീസ് പറഞ്ഞു.

chandrika: