X

അബ്കാരി കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ്; ഭേദഗതി ബില്‍ നിയമസഭയില്‍

 

തിരുവനന്തപുരം: അബ്കാരി കുറ്റകൃത്യത്തിനുള്ള ശിക്ഷയില്‍ ഇളവ് വരുത്തുന്ന നിയമ ഭേദഗതി നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. കള്ളില്‍ സ്റ്റാര്‍ച്ച് ചേര്‍ത്താല്‍ ലഭിക്കുമായിരുന്ന ശിക്ഷയിലാണ് ഇളവ് വരുത്തിയത്. നേരത്തെ ഇത് അഞ്ചും വര്‍ഷം തടവും 50,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമായിരുന്നു. 2018ലെ അബ്കാരി നിയമ ഭേദഗതിയിലൂടെ ഇനി വെറും ആറുമാസം തടവും 25,000 രൂപ പിഴയുമായി കുറവ് ചെയ്യുകയാണ് സര്‍ക്കാര്‍. കള്ള് വ്യവസായത്തെ സംരക്ഷിക്കാനെന്ന വാദം നിരത്തിയാണ് നിയമം ഭേദഗതി ചെയ്യുന്നത്. നിയമത്തില്‍ വരുത്തുന്ന മറ്റൊരു ഭേദഗതിയിലൂടെ മദ്യം വാങ്ങാനുള്ള പ്രായപരിധി 21ല്‍ നിന്ന് 23 വയസാക്കിയും ഉയര്‍ത്തി. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അവതരിപ്പിച്ച ബില്ലിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. 2018ലെ എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല ഭേദഗതി ബില്ലും കേരള ഹൈക്കോടതി ഭേദഗതി ബില്ലും നിയമസഭ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.
സാങ്കേതിക സര്‍വകലാശാലയില്‍ നിലവിലുള്ള അധികാരസ്ഥാനങ്ങള്‍ക്ക് പുറമെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ധനകാര്യസമിതി, ആസൂത്രണസമിതി, വിദ്യാര്‍ത്ഥി കൗണ്‍സില്‍ എന്നിവ രൂപീകരിക്കുവാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല ഭേദഗതി ബില്‍.

chandrika: