X

തിരൂര്‍ക്കാട് ബൈക്കപകടം; അശ്രദ്ധമായ ഡ്രൈവിങ് അപകടമായെന്ന് പ്രാഥമിക നിഗമനം; സഹപാഠിക്കെതിരെ കേസെടുത്ത് പോലീസ്

അങ്ങാടിപ്പുറം തിരൂര്‍ക്കാട് ബൈക്കപകടത്തില്‍ എം. ബി. ബി. എസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹാപാഠിക്കെതിരെ കേസ്. അറസ്റ്റ് ഇന്ന് ഉണ്ടാകുമന്ന് പോലീസ്. ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു എം. ഇ. എസ് മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിക്കെതിരെയാണ് മങ്കട പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.

അപകടത്തില്‍ ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്സന്റെ മകള്‍ അല്‍ഫോന്‍സ (22)യാണ് മരണപ്പെട്ടത്. ബൈക്കോടിച്ചിരുന്ന സഹപാഠിയും സുഹൃത്തുമായിരുന്ന തൃശൂര്‍ വന്നുക്കാരന്‍ അശ്വിന്‍ (21) പരിക്കോടെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലായിരുന്നു.

പ്രാഥമിക ചികിത്സക്കുശേഷം അശ്വിനെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ അപകടത്തിന് കാരണം അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്നു കേസന്വേഷിക്കുന്ന മങ്കട പോലീസ് അശ്വിനെതിരെ ഐപി.സി 279, 334, 304എ വകുപ്പ് പ്രകാരം അശ്രദ്ധമായി വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനും കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇന്നലെ അശ്വിന്‍ ആശുപത്രി വിട്ടെങ്കിലും ഇന്ന് അറസറ്റ് രേഖപ്പെടുത്താനാണു നീക്കം.

നിലവില്‍ മരണത്തിന്റെ ഷോക്കിലായതിനാലാണു ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താത്തതെന്നും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ എടുത്തിട്ടുള്ളതെന്നും പോലീസ്.

കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന അല്‍ഫോന്‍സയും അശ്വിനും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും പിന്നീട് കെഎസ്ആആര്‍ടിസി ബസിലും ഇടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ വന്ന വളവ് ശ്രദ്ധിക്കാതെ അശ്വിന്‍ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.

വളവില്‍ റോങ് സൈഡില്‍ കയറിപ്പോയ ബൈക്ക് മറ്റുവാഹനങ്ങളില്‍ ഇടിച്ചതോടെയാണു അപകടമുണ്ടായത്. പരുക്കേറ്റ ഉടനെ അല്‍ഫോന്‍സയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ വടക്കല്‍ പൂമതൃശേരി നിക്സന്റെ മകളാണ് അല്‍ഫോന്‍സ.

 

webdesk14: