X
    Categories: MoreViews

അക്കൗണ്ട് ഉള്ളവര്‍ക്ക് പുള്ളികുത്തില്ല; ട്രയിന്‍ ടിക്കറ്റിലും നിയന്ത്രണം

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ കള്ളപ്പണം മാറ്റിയെടുക്കുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ മഷി പുരട്ടല്‍ സംവിധാനത്തില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഇളവ് വരുത്തി ആര്‍ബിഐ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം മാറാന്‍ എത്തുന്നവര്‍ക്ക് പുള്ളി കുത്തേണ്ടതില്ലെന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍ അക്കൗണ്ടില്ലാത്തവര്‍ക്ക് നിര്‍ബന്ധമായും മഷി പതിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. അതേസമയം നോട്ടു മാറുന്നതിന് തിരിച്ചറിയല്‍ രേഖ നല്‍കണമെന്ന നിബന്ധന തുടരും.

കള്ളപ്പണം വെളുപ്പിക്കുന്നതിന് മറ്റുള്ളവരെ കൊണ്ട് പല ബാങ്കുകളില്‍ ക്യൂ നിര്‍ത്തി നോട്ടു മാറുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പുള്ളിക്കുത്തല്‍. ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തും കള്ളപ്പണം വെളുപ്പിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തില്‍ ടിക്കറ്റ് ബുക്കിങിനും നിയന്ത്രണമേര്‍പ്പെടുത്തി. 5000 രൂപക്ക് കൂടുതല്‍ തുകക്ക് ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് റദ്ദാക്കിയാല്‍ പണം നല്‍കില്ലെന്നാണ് പുതിയ തീരുമാനം. ഈ മാസം 24വരെയാണ് നിയന്ത്രണം.
അതിനിടെ, പഴയ 500,1000 നോട്ടുകള്‍ മാറ്റിവാങ്ങാന്‍ എത്തുന്നവരുടെ കൈവിരലില്‍ മഷി പുരട്ടുന്നതിന് ആര്‍ബിഐ മാര്‍ഗരേഖ പുറത്തിറക്കി. വലതു കൈയിലെ ചൂണ്ടുവിരലിന് മുകളിലാണ് മഷി പുരട്ടേണ്ടത്. പോസ്റ്റ് ഓഫീസുകളിലും നോട്ടുകള്‍ മാറ്റുന്നതിന് ഈ നിര്‍ദേശം ബാധകമാണ്. നോട്ട് മാറ്റി നല്‍കുന്നതിന് മുമ്പു തന്നെ വിരലില്‍ മഷി പുരട്ടണം. ക്യാഷില്‍ ഇരിക്കുന്ന വ്യക്തിയോ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കോ മഷി പുരട്ടി നല്‍കാം. ഇതിനായി എല്ലാ ബാങ്കുകളുടെയും ബ്രാഞ്ചുകളിലേക്ക് മഷിയും അവ പുരട്ടുന്നതിനുള്ള ബ്രഷും നല്‍കും. മഷി ഉണങ്ങിയ ശേഷം മാത്രമേ പണം നല്‍കാവൂ എന്നും നിര്‍ദേശത്തില്‍ ആര്‍ബിഐ വ്യക്തമാക്കുന്നു. അതേസമയം മഷി ഇതുവരെ ബാങ്കുകളില്‍ എത്തിയില്ലെന്നാണ് വിവരം.

chandrika: