X

ദിലീപിന്റെ ജാമ്യം: ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി; കടുത്ത നിലപാടുമായ പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ നടന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വാദിച്ചത്.

കേസിന്റെ അന്വേഷണസ്ഥിതി എന്തെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. ഗൂഢാലോചനയുടെ ‘കിംഗ് പിന്‍’ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. എല്ലാ സാക്ഷിമൊഴികളും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നാലു തവണ കണ്ടതിന് തെളിവുണ്ട്, പ്രോസിക്യൂഷന്‍ വാദിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസിലെ പ്രധാന കണ്ണിയായ നടന്‍ ദിലീപിന്റെ ജാമ്യം അനുവദിക്കാന്‍ പാടിലെന്നും പ്രോസിക്യൂഷന്‍ കൊടതിയെ അറിയിച്ചു.

എന്നാല്‍ കേസിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ യാതൊരു തെളിവും ഇല്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ കെ രാംകുമാര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി പോലും വ്യക്തി വിരോധമില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദിലീപിനെ എന്തിനാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു.

സുനി ദിലീപിനൊപ്പം ഒരു ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടു എന്നത് ഗൂഡാലോചനക്ക് തെളിവാണോ എന്നും അദ്ദേഹം ചോദിച്ചു. കേസില്‍ ഗൂഢാലോചന നിലനില്‍ക്കില്ലെന്നും രാംകുമാര്‍ വാദിച്ചു. ദിലീപ് കേസന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് പോലും ശ്രമിച്ചില്ല. നീണ്ട ചോദ്യംചെയ്യലിനും അറസ്റ്റിലായ ദിവസം പത്തുമണിക്കൂര്‍ ചോദ്യംചോദ്യംചെയ്യലിനും  ദിലീപ് നിന്നുകൊടുത്തതായി രാംകുമാര്‍ ചൂണ്ടിക്കാട്ടി.

chandrika: