X

ദിലീപിന്റെ അഭിഭാഷകനെ മാറ്റി; അന്ന് നിഷാലിന് വേണ്ടി ഹാജരായ ബി.രാമന്‍പിള്ള ഹാജരാകും

കൊച്ചി: നടി അറസ്റ്റിലായ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകനെ മാറ്റി. അഡ്വ രാംകുമാറിനെ മാറ്റി ബി. രാമന്‍പിള്ളയെ പകരം നിയമിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച്ച വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ ഹാജരാകാന്‍ പോകുന്ന ബി.രാമന്‍പിള്ള കാവ്യാമാധവന്റെ ആദ്യഭര്‍ത്താവായിരുന്ന നിഷാല്‍ ചന്ദ്രക്ക് വേണ്ടി വിവാഹമോചനക്കേസില്‍ ഹാജരായ ആളാണ്. നടിയുമായി ബന്ധപ്പെട്ട കേസില്‍ ആദ്യം തീരുമാനിച്ചിരുന്നത് രാമന്‍പിള്ളയെയായിരുന്നുവെങ്കിലും അസൗകര്യംമൂലം മാറ്റുകയായിരുന്നു. കേരളത്തിലെ പ്രമുഖനായ അഭിഭാഷകനാണ് ഇദ്ദേഹം. ക്രിമിനല്‍ കേസുകളില്‍ മികവ് പുലര്‍ത്തുന്ന രാമന്‍പിള്ളയിലേക്ക് ദിലീപിന്റെ ബന്ധുക്കള്‍ വഴിയാണ് എത്തുന്നത്. നിസാം കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ഇദ്ദേഹമാണ്.

ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചാല്‍ അനുകൂലമായ നിലപാട് ഉണ്ടാവാന്‍ സാധ്യതയില്ല. ഇതിനാലാണ് വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കുന്നത്. നേരത്തെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ഫോണ്‍ കണ്ടെടുക്കണമെന്നും അപ്പുണ്ണിയെ കണ്ടെത്തണമെന്നതുമായിരുന്നു ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മൊബൈല്‍ഫോണ്‍ നശിപ്പിച്ചുവെന്ന് കേസിലെ പ്രതികളായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ, രാജുജോസഫ് എന്നിവര്‍ കുറ്റസമ്മതമൊഴി നല്‍കിയിട്ടുണ്ട്. അപ്പുണ്ണിയും പോലീസിന് മൊഴി നല്‍കിയതോടെ ദിലീപിന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

chandrika: